35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപക നേതാവും, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകനും നവോദയ രക്ഷാധികാരിയുമായ ഇ.എം കബീറിന് നവോദയ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
നൂറ് കണക്കിന് നവോദയ പ്രവർത്തകരും, നേതാക്കളും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. നവോദയയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം.
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുമ്പോൾ, അദ്ദേഹത്തിന്റെ അസാന്നിധ്യം സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് സൃഷ്ടിക്കുന്ന വിടവ് വലുതാണെന്നും, അത് കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണെന്നും യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്ററുമായി സഹകരിച്ച് കൊണ്ട് ക്യാൻസർ രോഗബാധിതരായ പാവപ്പെട്ട പ്രവാസികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന നവോദയയുടെ പ്രവർത്തനത്തിന് നേതൃത്വം നല്കിയത് അദ്ദേഹമായിരുന്നു. ഭിന്നശേഷിക്കാരായ സൗദി പൗരൻമാർക്ക് സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വർഷംതോറും നടക്കുന്ന ചാരിറ്റി റണ്ണിൽ ഇന്ത്യൻ സാന്നിധ്യമായി നവോദയക്ക് മാറാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പ്രവർത്തന ഫലമാണ്.
പ്രായ-ദേശ വ്യത്യാസമന്യേ ഏവർക്കും ഏതു സമയത്തും സമീപിക്കാവുന്ന മനുഷ്യത്വത്തിന്റെ ഒരു തണൽ വൃക്ഷമാണ് അദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കത്തിലൂടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് നഷ്ടമാകുന്നത്.
നവോദയ ആക്ടിങ് പ്രസിഡണ്ട് ജിൻസ് ലൂക്കോസിന്റെ അധ്യക്ഷയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതം പറഞ്ഞു. നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട് മൊമെന്റോ കൈമാറി. കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ, ലോക കേരളസഭാ അംഗം നാസ് വക്കം, നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, പവനൻ മൂലക്കിൽ, ഹനീഫ മൂവാറ്റുപുഴ, രവി പാട്യം. കേന്ദ്രനേതാക്കളായ മോഹനൻ വെള്ളിനേഴി, ഷാഹിദ ഷാനവാസ്, രശ്മി രാമചന്ദ്രൻ, സുരയ്യ ഹമീദ്, നൗഷാദ് അകോലത്ത്, ശ്രീകുമാർ, ജയൻ മെഴുവേലി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേന്ദ്ര ജോ: സെക്രട്ടറി നൗഫൽ നന്ദി പറഞ്ഞു.