വ്യക്തത വരുത്തി എംബസി, ഖത്തറിന്റെ പുതിയ ട്രാവല്‍ നയം

ദോഹ- ഇന്ത്യന്‍ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ജൂലൈ 12 തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ പല വിഷയങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി രംഗത്തെത്തി. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വിശദാംശങ്ങളുള്ളത്.
ഇന്ത്യന്‍ എംബസി വിശദീകരിച്ച പ്രധാന പോയന്റുകള്‍ താഴെ പറയുന്നവയാണ്.

1. കോവിഷീല്‍ഡ് ഉള്‍പ്പടെ ഖത്തര്‍ അംഗീകരിച്ച വാക്സിന്‍ പൂര്‍ത്തിയാക്കിയ റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ രക്ഷിതാക്കളെ അനുഗമിക്കുന്ന 17 വയസുവരെയുള്ള വാക്സനെടുക്കാത്ത കുട്ടികള്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണ്ടി വരും.
2.വാക്സിനെടുക്കാത്ത രക്ഷിതാക്കള്‍ക്കും അവരെ അനുഗമിക്കുന്ന കുട്ടികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും, ഭാഗികമായി വാക്സിനെടുത്തവരും, വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവരും നിര്‍ബന്ധിതമായ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം.
3. ഫാമിലി സന്ദര്‍ശക വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്സിനെടുക്കാത്ത 11 വയസുവരെയുളള കുട്ടികളെ ഫാമിലി സന്ദര്‍ശക വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ അനുവദിക്കില്ല.
4. വാക്സിനെടുക്കാത്ത മുതിര്‍ന്നവരേയും അവരെ അനുഗമിക്കുന്ന കുട്ടികളേയും ഫാമിലി സന്ദര്‍ശക വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ അനുവദിക്കില്ല.
5. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ എല്ലാ യാത്രക്കാരും കൂടെ കരുതണം
.6. യാത്ര പുറപ്പെടുന്നതിന്റെ 12 മണിക്കൂറെങ്കിലും മുമ്പായി എല്ലാ യാത്രക്കാരും www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം
7. ദോഹയിലെത്തുമ്പോള്‍ യാത്രക്കാരന്റെ ചിലവില്‍ ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നടത്തണം. റിസല്‍ട്ട് പോസിറ്റീവായാല്‍ ഐസൊലേഷനില്‍ പോവേണ്ടി വരും.

spot_img

Related Articles

Latest news