മുംബൈ: രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദമായിരുന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്തിനാണ് ഇപ്പോഴും 1975 ലെ അടിയന്തരാവസ്ഥ കാലത്തെപറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്നും റാവത്ത് ചോദിച്ചു. ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച പ്രതിവാര കോളത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള തീരുമാനമെടുത്ത ഇന്ദിരാ ഗാന്ധിയെ ജനം ശിക്ഷിച്ചു. അത് അവര്‍ക്കൊരു പാഠമായിരുന്നു. എന്നാല്‍ അതേ ജനങ്ങള്‍ അവരെ എല്ലാം ക്ഷമിച്ച് വീണ്ടും അധികാരത്തിലെത്തിച്ചു. അടിയന്തരാവസ്ഥ കാലഹരണപ്പെട്ട ഒരു വിഷയമാണ്. ഇത് വീണ്ടും കുത്തിപ്പൊക്കുന്നതെന്തിനാണ്. അത് ശ്വാശതമായി അടക്കം ചെയ്യപ്പെടേണ്ടതാണ്.’ – റാവത്ത് പറഞ്ഞു.
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈയടുത്ത് പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും ഉടലെടുത്തത്.