മലപ്പുറം: നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും വലിയ തോതില്‍ അനധികൃതമായി പണമെത്തിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വിപുലമാക്കി.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കൂടുതല്‍ വ്യവസായികളിലേക്കാണ് അന്വേഷണം നീളുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴല്‍പ്പണമായും അല്ലാതെയും പിഎഫ്ഐ അക്കൗണ്ടില്‍ 120 കോടിയെത്തിയതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം എന്‍ഐഎക്കൊപ്പം ഇഡിയും അന്വേഷിക്കുകയാണ്. കൂടുതല്‍ ബിസിനസുകാര്‍ പിഎഫ്ഐ അക്കൗണ്ടിലേക്കു പണമെത്തിക്കാന്‍ ഇടപെട്ടതായി ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടുണ്ട്. ഇതു പ്രകാരം ഇഡി പട്ടിക തയ്യാറാക്കി.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറത്തെ അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും നിന്ന് ഇ ഡി സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്ക് പിഎഫ്ഐയുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും സംഘടനയുടെ അക്കൗണ്ടിലേക്കു പണം കൈമാറിയതായി സംശയമുണ്ട്. അബൂബക്കറുമായി ബന്ധമുള്ള മറ്റു വ്യവസായികളുടെ സ്ഥാപനങ്ങളിലെ ഇഡി പരിശോധനയില്‍ സാമ്ബത്തിക കാര്യങ്ങളുടെ ഫയലുകള്‍ പിടിച്ചെടുത്തു.
മറ്റു പലരും പിഎഫ്ഐക്കു കള്ളപ്പണം നല്‍കിയിട്ടുണ്ടെന്ന സ്ഥിരീകരണത്തില്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ കോട്ടയ്ക്കല്‍, ചങ്കുവെട്ടി, എടരിക്കോട്, രണ്ടത്താണി, പൊന്മള തുടങ്ങിയ സ്ഥലങ്ങളിലെ ഫര്‍ണിച്ചര്‍ ഷോപ്പ്, സ്വര്‍ണക്കടകള്‍, ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പാലക്കാട് ബേക്കറി ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഇഡിയുടെ ദല്‍ഹി ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാവ് മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2020 ഫെബ്രുവരിയിലെ ദല്‍ഹി കലാപത്തിനും 120 കോടി ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.