റിയാദ്: സൈക്കിളിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന എറണാകുളം അമ്പലമുകൾ സ്വദേശി അരുൺ തഥാഗത്തിന്, റിയാദിൽ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ സ്വീകരണം ഒരുക്കി. പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നിന്ന് 2024 ജൂലൈയിലാണ് അരുൺ സൈക്കിൾ യാത്ര ആരംഭിച്ചത്. യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വൻകരകളിലെ വിവിധ രാജ്യങ്ങൾ താണ്ടി തുർക്കിയിൽ നിന്നാണ് സൗദി തലസ്ഥാനമായ റിയാദിൽ എത്തിയിരിക്കുന്നത്. ഇതു വരെ 55 ൽ പരം രാജ്യങ്ങൾ പിന്നിട്ട യാത്ര ഗൾഫ് രാജ്യങ്ങൾ താണ്ടി വീണ്ടും യൂറോപ്പിൽ എത്തി റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്തിൽ കൊച്ചിയിൽ തിരിച്ചെത്തും.
എറണാകുളം കളക്ട്രേറ്റിലെ റെവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായ അരുൺ അവധിയെടുത്താണ് യാത്ര നടത്തുന്നത്. രണ്ടു ലക്ഷം രൂപയ്ക്ക് യുഎസിൽ നിന്ന് ഇറക്കുമതി ചെയ്ത സർളി സൈക്കിളിലാണ് ലോക സഞ്ചാരം. 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന യാത്രയ്ക്ക് 20 ലക്ഷം വായ്‌പയെടുത്തു. ദിവസവും 50 കിലോമീറ്റർ സൈക്കിൾ യാത്ര ചെയ്യുന്ന അരുണിന് പച്ചക്കറികളും, പഴങ്ങളും ജൂസും മാത്രമാണ് ഭക്ഷണം. യാത്രികർക്കുള്ള ക്യാമ്പുകളിലാണ് മിക്കപ്പോഴും താമസം. ഗൗതമ ബുദ്ധനോടുള്ള ആരാധന കാരണമാണ് പേരിനോടൊപ്പം തഥാഗത് എന്ന് ചേർത്തത്.
മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ എടപ്പ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിഖ് തുവൂർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ, എടപ്പ ചെയർമാൻ അലി ആലുവ അരുൺ തഥാഗതിന് പൊന്നാട നൽകി ആദരിച്ചു. യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്കു വച്ച അരുൺ, വിവിധ സംസ്കാരങ്ങളെ കണ്ടറിയുക, പുഞ്ചിരിയും സന്തോഷവും പകർന്ന് അതിരുകളില്ലാത്ത ലോകത്തിനായി മുന്നേറുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടു. എടപ്പ അഡ്വൈസറി മെമ്പർമാരായ ഗോപകുമാർ പിറവം, എം സാലി ആലുവ, സലാം പെരുമ്പാവൂർ, അഷറഫ് മുവ്വാറ്റുപുഴ, ഷുക്കൂർ ആലുവ, എടപ്പ വുമൺസ് കളക്ടീവ് പ്രധിനിധി സബീന സാലി എന്നിവർ ആശംസകൾ നേർന്നു.
അഡ്വ. അജിത്‌ഖാൻ, ജൂബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ, അജ്‌നാസ് കോതമംഗലം, അജീഷ് ചെറുവട്ടൂർ, ജസീർ കോതമംഗലം, മുഹമ്മദ് ഉവൈസ്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, ജലീൽ ഉളിയന്നൂർ, മുജീബ് മൂലയിൽ, അനസ് കോതമംഗലം, അബ്ദുള്ള മാഞ്ഞാലി, നാസർ ആലുവ, കരീം മേതല, പരീത് നെല്ലിക്കുഴി, മുഹമ്മദ് തസ്ലീം, വിപിൻ ആൻറണി, സജി കുമാർ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രെഷറർ അമീർ കാക്കനാട് നന്ദിയും നേർന്നു.

