സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്കു എന്‍ഒസി അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചു.
കൊവിഡ് മഹാമാരി മൂലം നാട്ടില്‍ മാസങ്ങളോളം കഴിയേണ്ടി വന്ന് കട ബാധ്യതകള്‍ വന്ന പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ താരതാമ്യേന കുറഞ്ഞ ചെലവുള്ള നേപ്പാള്‍ വഴി യാത്ര തിരിച്ചത്. നേരത്തെ ഇന്ത്യന്‍ എംബസി എന്‍ഒസി ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴും എംപി ഇടപെട്ടിരുന്നു.
സൗദിയിലേക്ക് പോകുന്നതിനായി എന്‍ഒസി ലഭിക്കാത്തത് കാരണം നൂറ് കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് നേപ്പാളിലെ കാഠ്മണ്ഡുവില്‍ കുടുങ്ങിയിരിക്കുന്നത്. ഇന്നും നാളെയും ആയി സൗദിയലേക്ക് പോകുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകളും ഇതില്‍ ഉള്‍പ്പെടും. ഇത് കാരണം ഈ യാത്രക്കാര്‍ക്ക് വിമാനം നഷ്ടമാകുമെന്നുള്ള ആശങ്കയും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.
എന്‍ഒസി ലഭിക്കാന്‍ എംബസി വരുത്തിയ മാറ്റമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കടം വാങ്ങിയും മറ്റും യാത്ര ചെലവിന് പണം കണ്ടെത്തിയവരാണ് ഇവരില്‍ പലരും. എന്‍ഒസി അനുവദിച്ച് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നവരെ സൗദിയില്‍ എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.