അല്‍ഐന്‍: ഉറ്റവരുടെ മൊബൈല്‍ നമ്പറോ സ്വന്തം മൊബൈല്‍ നമ്പറോ മനസ്സില്‍ ഓര്‍ത്തുവെക്കാന്‍ ആളുകള്‍ മെനക്കെടാത്ത കാലത്താണ് ആയിഷ അനീസ് എന്ന കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ഒരിക്കല്‍ കേട്ടാല്‍ പലതും മനസ്സില്‍ കാത്തുവെക്കുന്നത്. രണ്ടര വയസ്സില്‍ തന്നെ നിരവധി രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. മാതാവ് മൂത്ത മകന് പഠിപ്പിച്ചുകൊടുക്കുന്നത് കേട്ടു പഠിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 105ഓളം രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ചോദിച്ചാല്‍ ഉത്തരം ഞൊടിയിടയില്‍ പറയും.
വിവിധ വേദികളില്‍ ഇതിനോടകംതന്നെ കലാപാടവം തീര്‍ക്കുകയും അവ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആയിഷ. കേട്ടുപഠിക്കാനും പഠിച്ചത് ഹൃദിസ്ഥമാക്കനും മനസ്സില്‍ സൂക്ഷിക്കാനും മിടുക്കിയാണ്. ഖുര്‍ആന്‍ അധ്യായങ്ങള്‍ മനപ്പാഠമാക്കുകയും യു.എ.ഇ ഭരണാധികാരികളുടെ പേരുകളും എമിറേറ്റ്സുകളുടെ പേരുകളും കാണാതെ പറയുകയും ചെയ്യും. അറബി, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും മനഃപാഠമാക്കിയിട്ടുണ്ട്. നല്ല ഒരു പാട്ടുകാരികൂടിയാണ് ആയിഷ. അല്‍ ഐനിലെ നിരവധി വേദികളില്‍ ഇതിനോടകം തന്നെ ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പഴയകാല മലയാള ഗാനങ്ങള്‍ മനഃപാഠമാക്കുന്നതിനും പാടുന്നതിനോടുമാണ് താല്പര്യം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ വേദിയില്‍ യാദൃച്ഛികമായി കിട്ടിയ അവസത്തിലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമ പിന്നണി ഗായകന് വിഷ്ണു കുറുപ്പിനോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. സംഗീത അധ്യാപകനായ മഹേഷ് മോഹനചന്ദ്രനാണ് ഗുരു. ഖുര്‍ആന്‍ അധ്യായങ്ങളുടെ പേരുകള്‍ ക്രമത്തില്‍ പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അല്‍ഐനില്‍ ബിസിനസ് നടത്തുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അനീസിന്റെയും അല്‍ഐന്‍ ദാനത് ഹോട്ടലില്‍ ഹൈജിന്‍ ഓഫീസറായ ജോഷ്നയുടെയും മകളാണ്. സെഹന്‍ അനീസ്, സിദാ ആമിന എന്നിവര്‍ സഹോദരങ്ങളാണ്.