തിരുവനന്തപുരം: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അമ്മയും ഒരേ ദിവസം മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. യാംബൂവില്‍ പ്രവാസിയായിരുന്ന സജി എസ് നായര്‍ മടങ്ങി പോകാനിരിക്കെയാണ് ഇന്നു രാവിലെ മരണപ്പെട്ടത്.
സജിയുടെ പിതാവ് ശശിധരന് നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടുകാര്‍ക്കിടയിലും പ്രവാസി സുഹൃത്തുക്കള്‍ക്കിടയിലും നൊമ്പരമായി.
മെയ് എട്ടിന് മടങ്ങി വരാനായി സജി എസ് നായര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗ വ്യാപനം കാരണം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി. അതിനിടെ ബഹറിന്‍ വഴിയുള്ള ഫ്ലൈറ്റില്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു.
മെയ് 24ന് അച്ഛന് മരിച്ചു. കോവിഡ് ബാധിതനായ സജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനിടെ അമ്മയും ഗുരുതരാവസ്ഥയിലായി. രണ്ടു പേരും ഇന്നു രാവിലെ മരിക്കുകയായിരുന്നു.
2003 മുതല്‍ സൗദി അറേബ്യയില്‍ പ്രവാസിയായി എത്തിയ സജി നിലവില്‍ യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയിൽ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: അനുപമ, മക്കള്‍: ഗൗരി, ഗായത്രി, സഹോദരങ്ങള്‍: ഷാജി എസ്. നായര്‍, ശ്രീജ മഹേന്ദ്ര കുമാര്‍ (ദമ്മാം ഇന്റര്‍ നാഷനല്‍ സ്കൂള്‍ അധ്യാപിക).