കൊച്ചി : സംസ്ഥാന സർക്കാരിന്റെ പ്രവാസി പെൻഷൻ പദ്ധതിക്ക് പ്രായപരിധി ഒഴിവാക്കണമെന്ന് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാനും പ്രവാസി ക്ഷേമപദ്ധതികൾക്ക് നേതൃത്വം നൽകുന്നയാളുമായ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് ആവശ്യപ്പെട്ടു.പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രവർത്തക കൺവെൻഷൻ എറണാകുളം ഭാരത് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വിദേശനാണ്യം സമ്പാദിച്ചു നൽകുന്ന പ്രവാസികളെ സർക്കാരുകൾ അവഗണിക്കരുത്. പ്രവാസ ജീവിതം അവസാ നിപ്പിച്ച് നാട്ടിലെത്തുമ്പോൾ അവരുടെ ജീവിതം സുഗമമാക്കാനുള്ള ബാദ്ധ്യത നാടിനുണ്ട്.സേവനങ്ങൾക്കായി ചെല്ലുമ്പോൾ സർക്കാർ വകുപ്പുകളും ബാങ്കുകളും പ്രവാസികളെ അവഹേളിക്കുന്ന അനുഭവങ്ങൾ വിഷമകരമാണ്. പ്രവാസി പെൻഷൻ തുക വർദ്ധിപ്പിക്കണം. പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോ എസ് അഹമ്മദ് ആവശ്യപ്പെട്ടു.
പ്രവാസ ജീവിതത്തിലെ ഒത്തൊരുമയും സ്നേഹവും നാട്ടിലെ ജീവിതകാലത്തും പുലർത്തണമെന്നും അതോടപ്പം ചടങ്ങിൽ പ്രവാസികൾക്കായി സൗജന്യ നിരക്കിലുള്ള ഹോസ്പിറ്റൽ പ്രൊജക്റ്റ് അവതരിപ്പിച്ച് കൊണ്ട് ഡോ.ഗ്ലോബൽ ബഷീർ അരിമ്പ്ര പറഞ്ഞു.
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഒറ്റത്തവണ കോൺട്രിബൂഷൻ അടച്ച് പെൻഷൻ അനുവദിക്കുക, പ്രവാസി ലോൺ സുതാര്യവത്കരിക്കുക,50 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് കൊടുക്കുക, റേഷൻ കാർഡിൽ നിന്ന് എൻ ആർ ഇ പ്രവാസി എന്നുള്ളത് ഒഴിവാക്കി കൂലി എന്നാക്കി മാറ്റുക എന്നീ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കൃത്യമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രവാസി ക്ഷേമനിധി പ്രവാസി പെൻഷൻ അസോസിയേഷൻ തീരുമാനിച്ചു.
വർക്കിംഗ് പ്രസിഡന്റ് ഗുലാം ഹുസൈൻ കൊളക്കാടൻ , വില്ലറ്റ് കൊറയ,പിജി.മുരുകൻ മാന്നാർ, സക്കീർ പരിമണം,പി.പി.ആന്റണി, പി. എ.സലീം, വി.രാമചന്ദ്രൻ, അമർഷാൻ, ടി.നാരായണൻ,സത്താർ ആദിക്കര, നജീബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.