കാസര്‍കോട്: പ്രവാസികളെ വാക്‌സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത എം.എല്‍.എ എ.കെ.എം. അഷ്റഫ്. നാടിന്റെ വികസന-ക്ഷേമ-ആരോഗ്യ മേഖലകളില്‍ ഒരുപാട് സേവനങ്ങള്‍ കാഴ്ചവെച്ചവരാണ് പ്രവാസികള്‍.
കോവിഡ് വ്യാപനം മൂലം നാട്ടില്‍ വന്നു തിരിച്ചു പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍. ജോലി ചെയ്യുന്ന രാജ്യത്ത് തിരിച്ചുപോകണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്.
ഇതെല്ലാം കണക്കിലെടുത്ത് പ്രവാസികളെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ എ.കെ.എം. അഷ്റഫ് ആവശ്യപ്പെട്ടു.
ക്ഷീരകര്‍ഷകരെ ദുരിതത്തിലും പട്ടിണിയിലുമാക്കുന്ന തീരുമാനമാണ് മില്‍മ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നും എ.കെ.എം. അഷ്റഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളില്‍ പാല്‍ സംഭരിക്കുന്നത് നിര്‍ത്തിവെച്ച് മില്‍മ നിയന്ത്രണമേര്‍പ്പെടുത്തിയത് ആയിരക്കണക്കിന് ക്ഷീരകര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിയിടുന്നതാണ്.
ലോക്ഡൗണ്‍ മൂലം പാലിന്റെ പ്രാദേശിക വില്‍പന കുറഞ്ഞതാണ് മില്‍മയുടെ ഇത്തരത്തിലുള്ള തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇത് ക്ഷീരമേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം നിവേദനത്തില്‍ പറഞ്ഞു.