ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പ്രവേശന വിലക്ക് നേരിട്ട പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു.പ്രവേശന വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് സൂചനകള്‍.
ഇതുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് കോണ്‍സല്‍ ജനറല്‍ അമന്‍ പുരി അറിയിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അമന്‍ പുരി വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ വിലക്ക് നീക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. പലര്‍ക്കും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ട്.
ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാവിലക്ക് കാരണം മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയ ശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്.
പല വിമാന കമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.