കണ്ണൂർ: ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കായുള്ള സൗജന്യ നേത്ര പരിശോധന പുനരാംഭിക്കുന്നതായി ദേശീയ അന്ധതാ നിയന്ത്രണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ മായ അറിയിച്ചു.
കൊവിഡ് കാരണം വിദ്യാലയങ്ങള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ കുട്ടികളിലെ നേത്ര പരിശോധനകള്‍ മുടങ്ങിയിരുന്നു. കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ അവര്‍ക്ക് സ്വയം മനസ്സിലാക്കാനാവില്ല. ലക്ഷണങ്ങളും കാണിക്കണമെന്നില്ല . അതുകൊണ്ടു രക്ഷിതാക്കള്‍ മുന്‍ കൈ എടുത്തു കുട്ടികളുടെ നേത്ര പരിശോധന നടത്തണം. ജനിച്ച് ആറ് മാസത്തിനുള്ളില്‍ കോങ്കണ്ണ് ഉള്ളതുപോലെ ശ്രദ്ധയില്‍ പെട്ടാല്‍ നേത്രവിദഗ്ധരെ കാണണമെന്നും പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ജില്ലാ അന്ധത നിയന്ത്രണ സമിതിയുടെ കീഴിലുള്ള ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍,സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ , പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, വിഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ നേത്ര പരിശോധന ലഭ്യമാണ്. 8-10 വയസ്സിനുള്ളില്‍ കാഴ്ചയുമായി ബന്ധപെട്ടുള്ള ബുദ്ധിമുട്ടുകള്‍ ചികില്‍സിച്ചാല്‍ ഭൂരിഭാഗ നേത്ര രോഗങ്ങളും സുഖപ്പെടുത്താം. സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായിക് അറിയിച്ചു .
Mediawings: