ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ചെറുവെല്ലൂര്‍ സ്വദേശി എന്‍ ബിനുകുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ആറ് മാസം ജോലി ചെയ്ത ഇയാളെ പുനലൂരിലെ ആശുപത്രിയില്‍ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പിടികൂടുകയായിരുന്നു.വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ സഹായിച്ച തിരുവനന്തപുരം സ്വദേശി സജിത്തും (57) പിടിയിലായി.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡോ ബബിതയുടെ രജിസ്റ്റര്‍ നമ്പർ ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇതേക്കുറിച്ചറിഞ്ഞ ബബിത ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവിന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
2020 ഡിസംബര്‍ മാസം മുതല്‍ പൂച്ചാക്കല്‍ മെഡിക്കല്‍ സെന്ററില്‍ ബിനു കുമാര്‍ ഡോക്ടറായി ജോലി ചെയ്തിരുന്നു. പൂച്ചാക്കല്‍ പൊലീസ് തനിക്കെതിരെ അന്വേഷണംആരംഭിച്ചതറിഞ്ഞാണ് ബിനുകുമാര്‍ ആശുപത്രിയില്‍ നിന്നു പോയത്. ഇയാള്‍ കൊല്ലം പുനലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലിനോക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ എത്തിയ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിനുകുമാറിനെ പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രീഡിഗ്രി പാസായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.