തലശ്ശേരി :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രവാസി വ്യവസായി ഷറാറ ബംഗ്ലാവിൽ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ . കേസിൽ ഹാജരാകുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാളിയത്താണ് ഇത് സംബന്ധിച്ച ശുപാർശ ജില്ല കോടതിയിൽ സമർപ്പിച്ചത് .
68 കാരനായ ഷറഫുദ്ദീനെ പോക്സോ നിയമപ്രകാരം ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഈ കേസിൽ ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ വൈദ്യ പരിശോധന റിപ്പോർട്ടിൽ ഇയാൾക്ക് പ്രമേഹവും , ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്നും , ലൈംഗീക ക്ഷമതയില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു . മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുടെ ലൈംഗീക ക്ഷമത പരിശോധിക്കണമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ അപേക്ഷ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും , കോടതി അതിന് ഉത്തരവിടുകയുമുണ്ടായി .
തുടർന്ന് ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ , സർജൻ , ഫോറൻസിക്ക് സർജൻ എന്നിവർടങ്ങുന്ന സംഘം ഇയാളെ വീണ്ടും പരിശോധനക്ക് വിധേയനാക്കി . മെഡിക്കൽ ടീമിലെ അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ ഇയാൾക്ക് പൂർണ്ണമായും ലൈംഗീക ശേഷിയുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് ചൊവ്വാഴ്ച കോടതിൽ സമർപ്പിച്ചു . ഇതേ തുടർന്നാണ് ഡോക്ടർക്കെതിരെ നടപടിക്ക് പ്രോസിക്യൂഷൻ ശുപാർശ ചെയ്തത് .
കേസിലെ മൂന്നാം പ്രതിയായ ഷറഫുദ്ദീൻ നിലവിൽ ജാമ്യത്തിലാണ്.