റിയാദ് : മൂന്ന് വർഷമായി ജോലി നഷ്ടപ്പെട്ട് ഇക്കാമ ലവി അടക്കാനാകാതെയും ഇക്കാമ പുതുക്കാനാകാതെയും ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് വാഹിദുദീനും ഭാര്യ മെഹറുന്നിസ വാജിദും നാട്ടിലെത്തി. കഴിഞ്ഞ 8 മാസമായി ഇവർക്ക് തണലായി നിന്ന പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരുടെ ശ്രമ ഫലമായാണ് കഴിഞ്ഞ ദിവസം ഈ കുടുംബത്തിന് നാട്ടിലെത്തിക്കാൻ സാധിച്ചത്.
റിയാദിൽ മാസംതോറും നടക്കുന്ന പ്ലീസ് ഇന്ത്യ പബ്ലിക് അദാലത്തിൽ പരാതിയുമായി വരികയായിരുന്നു ഈ ദമ്പതികൾ. ഇക്കാമ പുതുക്കി പിടിച്ചു നില്‍ക്കാനുള്ള ആഗ്രഹവുമായിട്ടാണ് ഇവർ വന്നതെങ്കിലും ലവിയുടെ വർദ്ധനവും 3 വർഷമായി ഇക്കാമ പുതുക്കാത്തതും കാരണം സ്പോൺസർ നിസ്സഹകരിക്കുകയായിരുന്നു.
സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ പത്ത് വർഷം ജോലി ചെയ്ത മുഹമ്മദ് വാഹിദിന്റെ ജോലി സ്വദേശിവൽക്കരണത്തിൽ നഷ്ടമായി. പിന്നീട് ടാക്സി ഓടിയും കുട്ടികളെ സ്കൂളിൽ കൊണ്ടു പോയും ചെറിയ ജോലികൾ ചെയ്തു. തുടക്കത്തിൽ ബ്യൂട്ടീഷൻ ലേഡീസ് ബാർബർ ജോലി ചെയ്തു വന്ന മെഹറുന്നിസ പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ടു നയിച്ചത്. ഒടുവിൽ ഇഖാമ പുതുക്കാൻ കഴിയാതെ ലൈസൻസ് കാലാവധി കഴിഞ്ഞ് സ്വന്തം വാഹനം തൂക്കി വിൽക്കേണ്ട അവസ്ഥ വരെ എത്തി.
ഹൈദരാബാദ്- ഓൾഡ് സിറ്റി സ്വദേശികളായ ഇവർക്ക് ഷുഹൈബ്, നൂർ, ബേബി എന്നീ മൂന്ന് മക്കളുണ്ട്. 2010 ഏപ്രിൽ 28ന് ആദ്യമായി സൗദിയിൽ എത്തിയ ഈ കുടുംബം റിയാദിൽ തുമാമ- യർ മൂക്ക് ഭാഗത്ത് താമസിച്ചുവരികയായിരുന്നു.
വീടിന്റെ വാടക കുടിശ്ശികയും രണ്ടു പേർക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പിരിച്ചു നൽകി ആണ് പ്ലീസ് ഇന്ത്യയുടെ വെൽഫെയർ വിങ്ങ് മാതൃക കാണിച്ചത്.
എട്ടു മാസങ്ങൾക്ക് മുമ്പ് ഇവരുടെ പരാതികൾ പ്ലീസ് ഇന്ത്യ ഗ്ലോബൽ നേതാക്കൾ വിദേശ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തു. ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്,നീതു ബെൻ മിനി മോഹൻ, മൂസ മാസ്റ്റർ, ബക്കർ മാസ്റ്റർ, ഇബ്രാഹിം മുക്കം, സഹീർ ചേവായൂർ, അൻഷാദ് കരുനാഗപ്പള്ളി, രാഗേഷ് മണ്ണാർക്കാട്, വിജയശ്രീ രാജ് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം റിയാദിൽ നിന്നും കുവൈറ്റ് വഴി ഹൈദരാബാദിലേക്ക് ഈ കുടുംബത്തെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.