റിയാദ് : വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഘടകം ഫാമിലി മീറ്റും മദ്രസ ഫെസ്റ്റും റിയാദിലെ എക്സിറ്റ് 18 സ്വലാഹിയ ഇസ്തിറാഹയിൽ വെച്ച് സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ മദ്രസാ വിദ്യാർത്ഥികളുടെ വർണാഭമായ സർഗവിരുന്നും അരങ്ങേറി. വിനോദവും വിജ്ഞാനപരവുമായ വിവിധ പരിപാടികളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
മദ്രസ ഫെസ്റ്റിന് ദാറുൽ ഖുർആൻ മദ്രസ പ്രിൻസിപ്പാൾ സലീം ചാലിയം ഉൽഘാടന കർമം നിർവഹിച്ചു. വൈകീട്ട് നടന്ന സമാപന സംഗമത്തിൽ ദമ്മാം ഇസ്ലാഹി സെന്റർ ദാഇ മുനീർ ഹാദി മുഖ്യ പ്രഭാഷണം നടത്തി. ഐഹിക ലോകം പാരത്രിക വിജയത്തിന് വഴിയൊരുക്കേണ്ട ഇടമാണ്. അതുകൊണ്ട് ഐഹിക ജീവിതത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ വിശ്വാസികൾ തയ്യാറാവേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
രാവിലെ മുതൽ രാത്രി വരെ നീണ്ടു നിന്ന പരിപാടിയിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. പരിപാടിയിൽ വെച്ച് നടന്ന ജുമുഅ ഖുത്തുബക്ക് സഹ്ൽ ഹാദി നേതൃത്വം നൽകി. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് പ്രസിഡന്റ് സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതവും ജബ്ബാർ പാലത്തിങ്കൽ നന്ദിയും പറഞ്ഞു.
കുട്ടികളുടെ കലാപരിപാടികൾക്ക് മദ്രസ വൈസ് പ്രിൻസിപ്പാൾ സഹ്ൽ ഹാദി, അധ്യാപകരായ കമറുന്നീസ ടീച്ചർ, സജ്‌ന ടീച്ചർ, ആമിന ജുമാന ടീച്ചർ, മാഷിദ ടീച്ചർ, ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.