കേന്ദ്രമന്ത്രിയുടെ മാതാപിതാക്കള്‍ ഇപ്പോഴും കര്‍ഷകത്തൊഴിലാളികൾ

ഒരു പക്ഷേ ലോകനാഥിനെയും വരുദമ്മാളിനെയും നാം അറിയില്ല. എന്നാല്‍, ഇവരുടെ മകനെ ലോകമറിയും. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി എല്‍ മുരുകന്റെ മാതാപിതാക്കളാണ് ഇവര്‍.

ഏക മകന്‍ കേന്ദ്രമന്ത്രി. എന്നാല്‍, അതും പറഞ്ഞ് സുഖജീവിതം നയിക്കാന്‍ ലോകനാഥ് എന്ന 68കാരന്‍ തയ്യാറല്ല. മണ്ണില്‍ പണിയെടുത്ത് നൂറുമേനി വിളയിക്കാന്‍ കര്‍ഷക തൊഴിലാളികളായ ലോകനാഥിനും ഭാര്യ വരുദമ്മാളിനും ഇന്നും യൗവനം ബാക്കിയാണ്.

ഇന്നും തങ്ങളുടെ കൃഷിയിടത്തില്‍ പണിയെടുത്ത് പഴയ ഷീറ്റിട്ട വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. സുഖലോലുപതയ്ക്കായി മകന്റെ ആദര്‍ശം പണയപ്പെടുത്താന്‍ ഇരുവരും തയ്യാറല്ല. ദളിത് ഉപവിഭാഗമായ അരുന്ധതിയാര്‍ സമുദായത്തില്‍ നിന്നുള്ളവരാണ് ഈ ദമ്പതികൾ.

അറിയപ്പെടുന്ന ട്രക്കേഴ്‌സ് ഹബായ നമക്കലിനടുത്തുള്ള ഒരു ചെറിയ ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള വീട്ടിലാണ് ഇപ്പോഴും ഇവര്‍ താമസിക്കുന്നത്. വയലുകളില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാര്‍. അവരുടെ മകന്‍ കേന്ദ്ര സഹമന്ത്രിയാണെന്നതില്‍ അഹങ്കരിക്കുന്നതിന് ഇരുവരും തയ്യാറല്ല.

മകന്‍ കേന്ദ്രമന്ത്രിയായെന്ന വാര്‍ത്ത അയല്‍വാസികളില്‍ നിന്ന് കേട്ടപ്പോഴും അവര്‍ വയലില്‍ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു, നിര്‍ത്തിയില്ല. വയലില്‍ കളപറിക്കാന്‍ ഇറങ്ങാന്‍ വരുദമ്മാളിനും (59) മകന്റെ വി. ഐ. പി. പദവി തടസ്സമല്ല.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രി എല്‍. മുരുകന്റെ മാതാപിതാക്കളായ ലോകനാഥനും വരുദമ്മാളും ഇപ്പോഴും ജീവിക്കുന്നത് കൃഷിപ്പണിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍. മകന്‍ വലിയ പദവിയിലെത്തിയതിന്റെ പേരില്‍ തങ്ങളുടെ അധ്വാനത്തിന്റെ മഹത്ത്വം കുറയില്ലെന്നാണ് ഇവരുടെ പക്ഷം. മുരുകന്‍ ജനിച്ചത് നാമക്കല്‍ ജില്ലയിലെ കോനൂര്‍ ഗ്രാമത്തിലാണ്. പഠനത്തില്‍ മികവു കാട്ടിയ മുരുകന്‍ അഭിഭാഷകനാകണമെന്ന ആഗ്രഹത്തോടെ ചെന്നൈയിലേക്ക് വണ്ടി കയറിയതിനു ശേഷം സ്വന്തം ഗ്രാമത്തില്‍ അധിക നാള്‍ താമസിച്ചിട്ടില്ല.

മകന്റെ നേട്ടങ്ങളൊക്കെയും സ്വന്തം പ്രയത്ന ഫലമാണെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകനാഥനും വരുദമ്മാളിനും രണ്ട് മക്കളായിരുന്നു. രണ്ടാമത്തെ മകന്‍ രാമസാമി 2016-ല്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശാന്തിയും മൂന്നു മക്കളും ലോകനാഥനും വരുദമ്മാളിനും ഒപ്പമാണ് താമസം.

പ്രായമായതിനാല്‍ ചെന്നൈയില്‍ തനിക്കൊപ്പം വന്നു താമസിക്കാന്‍ മുരുകന്‍ നിര്‍ബന്ധിച്ചിട്ടും മാതാപിതാക്കള്‍ സ്നേഹപൂര്‍വം അത് നിരസിക്കുകയായിരുന്നു. ആറു മാസത്തിലൊരിക്കല്‍ മുരുകന്റെ അടുത്തെത്തുന്ന ഇവര്‍ നാലു ദിവസത്തില്‍ കൂടുതല്‍ ഇവിടെ താമസിക്കില്ല.

നഗരത്തിലെ വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളിലുള്ള ജീവിതം തങ്ങള്‍ക്ക് ചേരില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. മകന്‍ എത്ര ഉന്നതസ്ഥാനത്ത് എത്തിയാലും ആരോഗ്യമുള്ളിടത്തോളം കാലം സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള തീരുമാനത്തിലും മാറ്റമില്ലെന്ന് ഇവര്‍ പറയുന്നു.

പത്തുദിവസം മുമ്പ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍. മുരുകന് സഹമന്ത്രിസ്ഥാനം ലഭിച്ചത്. സംസ്ഥാനത്തെ ഏക കേന്ദ്രമന്ത്രി എന്ന നിലയില്‍ മുരുകന്റെ സ്ഥാനലബ്ധി തമിഴകം വലിയ ആഘോഷമാക്കിയപ്പോഴും മാതാപിതാക്കള്‍ ജീവിതരീതിയില്‍ മാറ്റം വരുത്തിയില്ല.

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചതിനുശേഷം മുരുകന്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദവിയെക്കാള്‍ വലുതാണോ കേന്ദ്രമന്ത്രിസ്ഥാനം എന്നായിരുന്നു ഇവര്‍ മകനോട് ചോദിച്ചത്. മകന്‍ കേന്ദ്രമന്ത്രിയായതോടെ ഇനി പണിക്കു വരുമോയെന്ന് ചോദിച്ചവരോടൊക്കെ മേലനങ്ങാതെ ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ലോകനാഥന്റെ മറുപടി.

spot_img

Related Articles

Latest news