യാത്രയായത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ

പേരാമ്പ്ര: ദാറുന്നുജും ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപിക ഷഹാനയുടെ (26) അകാല വിയോഗം സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വയനാട് മേപ്പാടിയിൽ പ്രകൃതി പഠന ക്യാമ്പിന് പോയപ്പോൾ എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് ദാരുണ അന്ത്യം സംഭവിച്ചത്. മൂന്ന് വർഷമായി ടീച്ചർ ദാറുന്നുജും കോളജിൽ സൈക്കോളജി വിഭാഗം മേധാവിയാണ്.

കണ്ണൂർ സ്വദേശിയായ ഇവർ പേരാമ്പ്രയിൽ ഹോസ്​റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുഴുവൻ സമയവും കോളജിൽ ഉണ്ടായിരുന്നു. വിവാഹിതയായി ഒരു വർഷം തികയുന്നതിനു മുൻപാണ്​ മരണം. കോളജി​‍ൻെറ പാഠ്യ-പാഠ്യേതര രംഗങ്ങളിലെല്ലാം വിദ്യാർഥികൾക്ക് എല്ലാ സഹായവും ഒരുക്കുന്ന ടീച്ചർ സഹ പ്രവർത്തകർക്കും ഏറെ പ്രിയങ്കരിയായിരുന്നു. യാത്രകൾ ഇഷ്​ടപ്പെടുന്ന ടീച്ചർ ഇത്തരം ക്യാമ്പുകളിൽ പലതവണ പങ്കെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്താൻ തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

spot_img

Related Articles

Latest news