ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപനപ്രസംഗം; സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലം: വിഡി സതീശന്‍

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രസംഗത്തില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്..സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്.ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചു.ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ആ യാഥാര്‍ഥ്യത്തെ മറച്ചുവച്ചു.

പൊലിസ് മികച്ചതെന്ന് പറയുന്നത് ഗുണ്ടാബന്ധം പുറത്തുവരുന്ന സമയത്താണ്. കേരളത്തിലേത് ഏറ്റവും മോശം പൊലിസാണ്. സെക്രട്ടറിയേറ്റില്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സര്‍ക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച്‌ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പിണറായി സര്‍ക്കാറിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധണ്ടായി . ‘ഗവര്‍ണര്‍സര്‍ക്കാര്‍ ഭായ് ഭായ്’ എന്ന് പരിഹസിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഗവര്‍ണര്‍സര്‍ക്കാര്‍ ഒത്തുകളി എന്ന് എഴുതിയ പ്ലക്കാര്‍ഡ് മേശപ്പുറത്ത് വെച്ചായിരുന്നു പ്രതിഷേധം.

പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ തുടക്കമായി. രാവിലെ ഒന്‍പതോടെ നയപ്രഖ്യാപന പ്രസവത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സഭാ കവാടത്തില്‍ ഗവണറെ സ്വീകരിച്ചത്.

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗ് കണക്കുകളില്‍ കേരളം മുമ്പില്‍. തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും അദ്ദേഹം വായിച്ചു. മാധ്യമ സ്വതന്ത്ര്യം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. നയപ്രഖ്യാപനത്തില്‍ പറയുന്നു.

spot_img

Related Articles

Latest news