കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂലിനെ പരാജയപ്പെടുത്തുകയും ബിജെപിയെ ഒറ്റപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അതിനായി എല്ലാ മതേതര ജനാധിപത്യ കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയും തൃണമൂലും ഒരേ ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്. ഫാസിസ്റ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംഘ പരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ്, നിയമ സംവിധാനം, തെരഞ്ഞെടുപ്പ് വ്യവസ്ഥിതി തുടങ്ങി എല്ലാ ഭരണസംവിധാനവും സ്വന്തം താല്‍പര്യങ്ങള്‍ക്കായി അട്ടിമറിക്കുന്നു. ഭരണാധികാരമുപയോഗിച്ച് തൃണമൂലും ഭീകരവാഴ്ചയും ജനാധിപത്യ ധ്വംസനവുമാണ് നടത്തുന്നത്. അതിനാല്‍ രണ്ടുകൂട്ടരെയും അധികാരത്തില്‍നിന്ന് അകറ്റിയാല്‍ മാത്രമേ ബംഗാളിന്റെ ജനാധിപത്യ മതേതര പാരമ്പര്യം വീണ്ടെടുക്കാനാകൂവെന്നും യെച്ചൂരി പറഞ്ഞു.
ജനവിരുദ്ധരായ തൃണമൂലിനെയും ബിജെപിയെയും ബംഗാൾ ജനത തൂത്തെറിയുമെന്ന് ബംഗാള്‍ പിസിസി അധ്യക്ഷനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതിനുള്ള കാഹളമാണ് ബ്രിഗേഡില് മുഴങ്ങിയത്. ഇടതുപക്ഷ ജനാധിപത്യ കക്ഷികള് ഉള്പ്പെടുന്ന സംയുക്ത മോര്ച്ച വലിയമാറ്റം സൃഷ്ടിക്കും. ബംഗാളിന്റെ പ്രശ്നങ്ങള് പരിഹരിക്കാന് സംയുക്ത മോര്ച്ചയ്ക്ക് മാത്രമേ കഴിയു. ബംഗാള്‍ പുതിയ രാഷ്ട്രീയചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെയും മതേതര ജനാധിപത്യ കക്ഷികളുടെയും കൂട്ടായ്മ ബംഗാളില് പുതിയ മാറ്റം കൊണ്ടുവരുമെന്ന് സിപിഐ ജനറല് സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യത്തിന്റെ ആസ്തി കോര്പറേറ്റുകള്ക്ക് കാഴ്ചവയ്ക്കുകയാണ് മോഡി സര്ക്കാര്. കേന്ദ്രത്തിലെ അമിതാധികാര ജനവിരുദ്ധ നയങ്ങളാണ് തൃണമൂലും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങള് ഉയര്‍ത്തിയുള്ള പോരാട്ടമാണിതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. ഇടതുമുന്നണി എല്ലാക്കാലത്തും ജനങ്ങള്ക്കൊപ്പമുണ്ട്. ബംഗാളില് ബിജെപിക്കും വര്ഗീയതയ്ക്കും ഇടം ഉണ്ടാക്കിക്കൊടുത്തത് മമത ബാനര്ജിയാണെന്നും മിശ്ര പറഞ്ഞു.