നേർക്കുനേർ വാക്‌പോരുമായി അബ്ദുറബ്ബും അൻവറും

മലപ്പുറം- മുൻ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബും നിലമ്പൂർ എം.എൽ.എ പി.വി അൻവറും തമ്മിൽ സോഷ്യൽ മീഡിയയിലെ വാക്‌പോര് കനക്കുന്നു. കഴിഞ്ഞ ദിവസം അബ്ദുറബ്ബിനെ പരിഹസിച്ച് പി.വി അൻവർ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ അതിരൂക്ഷമായി ഭാഷയിൽ മറുപടിയുമായി അബ്ദുറബ്ബ് രംഗത്തെത്തി.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചതിനെയാണ് അബ്ദുറബ്ബിന് എതിരെ തിരിയാൻ അൻവറിനെ പ്രേരിപ്പിച്ചത്. തിരൂരങ്ങാടിയിലെ മുൻ എം.എൽ.എ അന്ധനും ബധിരനും മൂകനുമാണോ എന്നായിരുന്നു അൻവറിന്റെ വിമർശനം. തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിൽ കള പറിക്കലായിരുന്നോ അബ്ദുറബ്ബിന് ജോലിയെന്ന് ചോദിക്കണമെന്നും അൻവർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

എന്നാൽ അധികം വൈകാതെ അൻവറിനെതിരെ അതിരൂക്ഷമായ ഭാഷയിൽ തന്നെ അബ്ദുറബ്ബും രംഗത്തെത്തി. 2019 മെയിൽ പൊതുപ്രവർത്തനം നിർത്തിയ ഒരു എം.എൽ.എ നിലമ്പൂരിലിരുന്ന് തിരൂരങ്ങാടിയെക്കുറിച്ച് കണ്ണീർ പൊഴിക്കുന്നുണ്ടെന്ന് കേട്ടുവെന്നും അദ്ദേഹത്തിന്റെ നല്ല നടപ്പിന് ഇനിയൊരു ഡോസ് കൂടി ആവശ്യമുണ്ടാവില്ലെന്ന് തോന്നുന്നുവെന്നും പറഞ്ഞാണ് അബ്ദുറബ്ബ് മറുപടി ആരംഭിച്ചത്.

പ്രിയപ്പെട്ട നിലമ്പൂരിലെ എം.എൽ.എ, തിരൂരങ്ങാടിയിലെ വിഷയം പശ്ചിമഘട്ടത്തിലെ മഴ മേഘങ്ങൾ ജപ്പാനിലേക്ക് പോയതല്ല, തിരൂരങ്ങാടിയിൽ ഞാൻ എം.എൽ.എയായിരുന്ന സമയത്ത് തിരൂരങ്ങാടി താലൂക്കാസ്പത്രിയിൽ അഞ്ചു വെന്റിലേറ്ററുകൾ സ്ഥാപിച്ചിരുന്നു. ആ വെന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെപ്പോലും നിയമിക്കാതെ കഴിഞ്ഞ സർക്കാർ തിരൂരങ്ങാടിയോട് വിവേചനം കാണിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി
വ്യാപിച്ചതോടെ ആ വെന്റിലേറ്ററുകൾ മറ്റെങ്ങോട്ടോ മാറ്റി സ്ഥാപിച്ചിരിക്കുന്നു. അതാണിവിടുത്തെ പ്രധാന പ്രശ്‌നം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു സർക്കാറിന്റെ ഈ കൊലച്ചതി.
അതായത്, ആഫ്രിക്കയിലൊക്കെ പോയി അങ്ങ് സ്വർണ്ണം കുഴിക്കുന്ന നേരത്ത്, കരിമ്പുലിയുമായൊക്കെ സുല്ലിടുന്ന ആ സമയത്ത്… അപ്പോഴായിരുന്നു അത്…. ഇലക്ഷൻ പ്രഖ്യാപിച്ച തക്കം നോക്കി തിരൂരങ്ങാടി താലൂക്കാസ്പത്രിയിലെ വെൻറിലേറ്ററുകൾ സർക്കാർ മറ്റൊരിടത്തേക്കു മാറ്റി. അതിനെതിരെ ജയിച്ചു വന്ന എം.എൽ.എയല്ലാതെ പിന്നാരാണ് പരാതി പറയേണ്ടത്.

നിലമ്പൂരിലൊക്കെ ലോക്കൽ സെക്രട്ടറി നേരിട്ട് തിരുവനന്തപുരത്ത് പോയി മന്ത്രിമാർക്ക് നിവേദനം നൽകലാണല്ലോ പതിവ്, എം.എൽ.എക്ക് റോളൊന്നുമില്ലല്ലോ. എന്നാൽ തിരൂരങ്ങാടിയിൽ അങ്ങനെയല്ല, ആഫ്രിക്കൻ കാടുകളിലിരുന്ന് നിലമ്പൂർ തെരുവുകളിൽ ഫ്‌ളക്‌സ് വെപ്പിക്കലല്ല തിരൂരങ്ങാടിയിലെ വികസനം. ഇവിടെ ജനങ്ങൾക്കൊരു എം.എൽ.എയുണ്ട്. ആ എം.എൽ.എ ജപ്പാനിലും, ആഫ്രിക്കയിലുമല്ല, ഒരു വിളിപ്പാടകലെ ജനങ്ങൾക്കിടയിൽത്തന്നെയുണ്ടെന്നും അബ്ദുറബ്ബ് മറുപടി നല്‍കി.

spot_img

Related Articles

Latest news