കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചു.എൻപി സുബൈറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ആല്വിൻ ആന്റണി, എംഎം ഹംസ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സരിച്ചത്.
സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് പുറമെ വിനയനായിരുന്നു മത്സരിച്ചത്. വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരുമായി തെരഞ്ഞെടുക്കപ്പെട്ട നാലുപേരും ബി രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നല്കിയ പാനലില്‍ മത്സരിച്ചവരാണ്.നിര്‍മാതാവ് സാന്ദ്ര തോമസ് മത്സര രംഗത്തേക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സരിച്ചത്.
പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും സാന്ദ്രയുടെ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക നല്കാൻ സാന്ദ്ര പര്‍ദ ധരിച്ചെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹികള്‍:
പ്രസിഡൻ്റ്-ബി രാകേഷ്. സെക്രട്ടറി-ലിസ്റ്റിൻ സ്റ്റീഫൻ. ട്രഷറർ-മഹാ സുബൈർ.
വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോള്‍. ജോയിൻ്റ് സെക്രട്ടറി-ആല്വിൻ ആന്റണി,ഹംസ എം എം.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍- 1.വൈശാഖ് സുബ്രഹ്മണ്യം. 2.ജി സുരേഷ് കുമാർ. 3.കൃഷ്ണകുമാർ എൻ. 4.ഷേർഗ സന്ദീപ്. 5.ഔസേപ്പച്ചൻ. 6.സന്തോഷ് പവിത്രം. 7.ഫിലിപ്പ് എം സി. 8.രമേഷ് കുമാർ കെ ജി. 9.സിയാദ് കോക്കർ. 10.സുബ്രഹ്മണ്യം എസ് എസ് ടി. 11.ഏബ്രാഹം മാത്യു. 12.മുകേഷ് ആർ മേത്ത. 13.തോമസ്സ് മാത്യു. 14.ജോബി ജോർജ്ജ്.