കോഴിക്കോട്: മാവൂർ റോഡ് മൊഫ്യൂസല്‍ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്സില്‍ പടർന്നു പിടിച്ച തീ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ അണച്ചു. ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീയണച്ചത്. ഇതിനുശേഷം നഗരത്തിലാകെ പരന്ന പുക അടക്കാനുള്ള ശ്രമം നടക്കുകയാണ്. രാത്രി ഒൻപത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീയണച്ചത്.
കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷീറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്. 4.50 നാണ് തീ പിടിത്തം ഉണ്ടായി എന്ന വിവരം ഫയർ ഫോഴ്സില്‍ എത്തിയത്. തൊട്ടടുത്തുള്ള കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനില്‍ ആവശ്യത്തിന് ഫയർ എൻജിൻ ഇല്ലാതിരുന്നത് ആദ്യഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമുണ്ടാക്കി. ഒരു യൂണിറ്റ് മാത്രമാണ് കോഴിക്കോട് ബീച്ചില്‍ ഉണ്ടായിരുന്നത്.
എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച് വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാൻ സഹായിച്ചു. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയർ എൻജിനുകളോട് എത്താനായി നിർദ്ദേശിച്ചത്. തകരഷീറ്റുകളും ഫ്ളെക്സ് ബോർഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാൻ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാൻ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിർമിതികള്‍ അധികൃതരുടെ കണ്‍മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.