കോഴിക്കോട്: നിപ, കൊറോണ കാലഘട്ടങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രി പ്രവേശന കവാടത്തിന് സമീപം ഐ.എൻ.ടി.യു.സി. സമര സഹായസമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ റിലേ നിരാഹാര സമരം 102 ദിവസം പിന്നിട്ടു. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി വെള്ളിയാഴ്ച 12 മണിയോടെ മെഡിക്കൽ കോളജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ എത്തുമ്പോഴേക്കും സമരസമിതിയുടെ നേതൃത്വത്തിൽ വേദിക്കരികിലേക്ക് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി.
അറോറ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. പ്ലക്കാർഡുകളേന്തിയ സമരക്കാർ ഗേറ്റിന് സമീപം റോഡരികിൽ കുത്തിയിരിപ്പ് തുടരുകയും ചെയ്തു.ഉദ്ഘാടന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിക്ക് നിവേദനം നൽകണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലെന്ന് സമരസമിതി നേതൃത്വത്തിൽ ആശുപത്രി പടിക്കൽ നിരാഹാരമനുഷ്ടിക്കുന്ന സ്ത്രീ തൊഴിലാളികൾ പറഞ്ഞു.
ഇതിനിടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തി സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, വൈസ് ചെയർമാൻമാരായ മഠത്തിൽ അബ്ദുൽ അസീസ്, എം.ടി.സേതുമാധവൻ, തൊഴിലാളികളായ കെ.മാധവൻ, വി.പി.ബാലൻ എന്നീ അഞ്ച് പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.തൊഴിലാളികളായ വിജയ, നിർമ്മല, കെ.മിനിത, കെ.ബിജു എന്നിവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.