കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പാട്ടേലിന്റെ ജനവിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധം വീട്ടകങ്ങളില്‍നിന്ന് പുറത്തേക്ക്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി അനുവാദമില്ലാതെ പിടിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് അളന്നു തിരിച്ച് നാട്ടിയ കൊടികള്‍ ജനപ്രതിനിധികള്‍ ഊരിമാറ്റി.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനത്തോടെ പ്രതിഷേധമുയര്‍ന്നപ്പോള്‍ കൊടികള്‍ അധികൃതര്‍ തന്നെ നീക്കിയിരുന്നെങ്കിലും കവരത്തിയിലെ ഏതാനും സ്ഥലങ്ങളില്‍ കൊടികള്‍ നില നിന്നിരുന്നു.
ഇവിടെയെത്തിയാണ് ജില്ല പഞ്ചായത്ത് അംഗങ്ങളും കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിച്ചത്. അന്യായമായ ഭൂമി ഏറ്റെടുക്കലിനെതിരെ ശനിയാഴ്ച പ്രതിഷേധിക്കാനായിരുന്നു സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിരുന്നത്. ഇതു പ്രകാരമാണ് ജനപ്രതിനിധികള്‍ നേരിട്ടിറങ്ങിയത്.
ഏതാനും പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നില്‍ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത് ഒഴിച്ചാല്‍ ഇതുവരെ വീടുകള്‍ക്ക് പുറത്തേക്ക് സമരം വ്യാപിച്ചിരുന്നില്ല. ഈ സമരങ്ങളും പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു.
കവരത്തിയില്‍ ആദ്യമായാണ് അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ പുറത്തിറങ്ങിയുള്ള സമരം നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലം അവരോട് അനുവാദം ചോദിക്കാതെയാണ് അഡ്മിനിസ്ട്രേറ്റര്‍ അളന്നുതിരിച്ചതെന്നും അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നയമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ‘ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് സ്വന്തം, വിട്ടുതരില്ല ഒരുപിടി മണ്ണും’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം.
ജനപ്രതിനിധികളോട് അഭിപ്രായം ആരായാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം താഹാ മാളിക പറഞ്ഞു. ജനാധിപത്യപരമായ ഒരു പ്രതിഷേധവും അനുവദിക്കുന്നില്ല. സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ആസൂത്രണം ചെയ്തെങ്കിലും അനുമതി നിഷേധിച്ചു.