ഏപ്രിൽ ഒന്ന് – കുറ്റബോധമില്ലാതെ ആരെയും പറ്റിക്കാനും പരിഹസിക്കാനും അംഗീകാരമുള്ള ഒരു ദിവസം. മനുഷ്യൻ കാര്യബോധത്തിൽ മാത്രം ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ നിഷ്ക്കളങ്കമായി പരിഹസിക്കാൻ ഒരു ദിവസം തിരഞ്ഞെടുത്തത് സംഘർഷത്തിന് ഒരയവ് വരുമല്ലോ എന്ന നല്ല ഉദ്ദേശത്തിലായിരിക്കാം.
കാലം ഏറെ മാറി. ആഘോഷങ്ങൾ മതപരമായാലും അല്ലെങ്കിലും പുത്തനുടുപ്പും മൃഷ്ടാന ഭോജനവും ആയിരുന്നു ഒരു ശരാശരി മലയാളിയുടെ ആശയും ആവേശവും. എന്നാൽ ഇന്ന് ദിവസവും ആഘോഷങ്ങളിലും ഭോജനങ്ങളിലും മതി മറക്കുമ്പോൾ അല്പം കാര്യമായി ദിവസങ്ങളെ കാണാനുള്ള നെട്ടോട്ടത്തിൽ ആണ് നാം. ദുരിത ജീവിതം നയിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റും ഉള്ളപ്പോൾ തന്നെയാണ് ഇതിന്റെ മറുപുറവും. അതുപോലെ തന്നെ പരിഹാസവും. സാമൂഹ്യ മാധ്യമങ്ങൾ സജീവമായ ഈ കാലത്തു പരിഹാസവും പറ്റിക്കലും ദിനചര്യയുടെ തന്നെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
അദ്യമായി യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.
ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ഗ്രിഗോറിയ൯ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമന്റെ ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 1952 ലാണ് എല്ലാ വർഷവും ജനുവരി 1 മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത്. അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായി ആളുകൾ കൊണ്ടാടിയിരുന്നത്.