പ്രളയദുരിതത്തില്‍ നട്ടംതിരിഞ്ഞ കേരളം വിദേശസഹായം സ്വീകരിക്കരുതെന്ന് ശഠിച്ച കേന്ദ്രസര്‍ക്കാരിനെ കോവിഡ് ദുരിതം മറികടക്കാന്‍ കൈ അയച്ച് സഹായിച്ച് വിദേശരാജ്യങ്ങള്‍. വാക്സിനുള്ള അസംസ്കൃത വസ്തുക്കള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ടാങ്കറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങിയവ വിദേശത്തുനിന്ന് ഒഴുകുന്നു.
അമേരിക്ക, ഫ്രാന്‍സ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ, ചൈന, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയെ സാധ്യമായ രീതിയില്‍ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോങ്കോങ്, സിങ്കപ്പുര്‍, തായ്ലന്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നും സഹായമെത്തുന്നു.
മെയ് എട്ടിന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗം ഇന്ത്യയിലെ കോവിഡ് ദുരിതങ്ങള്‍ ചര്‍ച്ച ചെയ്ത് എന്തൊക്കെ സഹായങ്ങള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. യൂറോപ്യന്‍ യൂണിയന്‍ നീക്കത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു.
ഗള്ഫ് രാജ്യങ്ങളില് നിന്നും വൻതോതിൽ സഹായമെത്തുന്നു. സൗദി, യു എ ഇ, കുവൈത്ത്, ബഹ്റൈന് എന്നീ രാജ്യങ്ങള് സഹായം എത്തിച്ചുതുടങ്ങി.
സൗദി അറേബ്യ ആദ്യ ഘട്ടമായി 80 മെട്രിക് ടണ് ലിക്വിഡ് ഓക്സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് കപ്പല് മാര്ഗം അയച്ചു. 5,000 മെഡിക്കല് ഗ്രേഡ് ഓക്സിജന് സിലിണ്ടറുകള് കൂടി സൗദി ഉടന് ഇന്ത്യയിലേക്ക് അയക്കും. അദാനി ഗ്രൂപ്പുമായും എംഎസ് ലിന്ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് സൗദി ഓക്സിജന് എത്തിക്കുന്നത്.
യുഎഇയില് നിന്നുള്ള ഉയര്ന്ന ശേഷിയുള്ള ഓക്സിജന് കണ്ടയ്നറുകള് ചൊവ്വാഴ്ച പുലര്ച്ചെ ഇന്ത്യയില് എത്തി. ദുബായില് എത്തിയ ഇന്ത്യന് എയര്ഫോഴ്സിന്റെ സി17 വിമാനത്തിലാണ് ക്രയോജനിക് ഓക്സിജന് കണ്ടയ്നറുകള് അയച്ചത്. 12 റെഡി ടു യൂസ് ക്രയോജനിക് ഓക്സിജന് കണ്ടയ്നറുകള് ദുബായില് നിന്നും ലഭ്യമായതായും ഇതില് ആറെണ്ണം ഉടന് എത്തിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇന്ത്യക്ക് അടിയന്തര സഹായം നല്കാന് ബഹ്റൈന് മന്ത്രിസഭ തീരുമാനിച്ചു. ഓക്സിജനും മറ്റു മെഡിക്കല് ഉപകരണങ്ങളും ഇന്ത്യക്ക് ലഭ്യമാക്കും. കോവിഡ് ബാധിതരായവര്ക്ക് എത്രയും വേഗം രോഗമുക്തി ലഭിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു.
ഇന്ത്യയിലേക്ക് ഓക്സിജനും മറ്റു ചികിത്സ സഹായങ്ങളും അയക്കാന് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. പ്രതിസന്ധി എത്രയും വേഗം അതിജീവിക്കാന് ഇന്ത്യക്ക് കഴിയെട്ടയെന്ന് ആശംസിച്ചു.
ദുരിതത്തിലായ ഇന്ത്യന് ജനതക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം രാത്രി ബുര്ജ് ഖലീഫയില് ഇന്ത്യന് ദേശീയ പതാക തെളിഞ്ഞിരുന്നു. ‘സ്റ്റേ സ്ട്രോങ് ഇന്ത്യ’ എന്ന വാചകവും ബുര്ജില് തെളിഞ്ഞു. ദുബായ് ക്രീക്ക്, ഖലീഫ യൂനിവേഴ്സിറ്റി, ദുബായ് ഫ്രെയിം തുടങ്ങിയവയിലും ദേശീയ പതാക തെളിഞ്ഞു. കേരളത്തിലെ പ്രളയകാലത്തും ഇന്ത്യക്ക് പിന്തുണ അര്പ്പിച്ച് ബുര്ജ് ഖലീഫയില് ദേശീയ പതാക തെളിച്ചിരുന്നു.
അതേ സമയം, പ്രാണവായുവിന് വേണ്ടി കേഴുന്ന ഇന്ത്യന് ജനതയും ഇന്ത്യന് കോവിഡും അറബ് മാധ്യമങ്ങളിലും മുൻപേജുകളിൽ ഇടം പിടിച്ചു.
പ്രളയദുരിതങ്ങള്‍ മറികടക്കാന്‍ വിദേശസഹായം സ്വീകരിക്കുന്നതില്‍നിന്ന് കേരളത്തിനെ കേന്ദ്രം വിലക്കിയിരുന്നു. യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് സഹായ വാഗ്ദാനം എത്തിയിരുന്നു. എന്നാല്‍, വിദേശ സഹായം ആവശ്യമില്ലെന്നും വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അറിയിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചു.
അതേസമയം, പിഎം കെയേഴ്സ് ഫണ്ടിന് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കി ഉത്തരവിറക്കാന്‍ കേന്ദ്രം മടിച്ചില്ല. വിവിധ ചൈനീസ് കമ്പനികളില്‍ നിന്നുള്‍പ്പെടെ പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കി. ഈ കണക്കുകള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തയ്യാറായിട്ടില്ല.