ഇന്ത്യ, സൗദി വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.റിയാദില്‍ തിങ്കളാഴ്ച നടന്ന ഗള്‍ഫ് കോഓപറേഷൻ കൗണ്‍സില്‍ (ജിസിസി) മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു ഇത്. സമ്മേളനത്തിന്‍റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

സമ്മേളനത്തിലെത്തിയ ഇതര ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ്, ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേറ എന്നിവരുമായി പ്രത്യേകം പ്രത്യേകമാണ് കൂടിക്കാഴ്ചകള്‍ നടന്നത്. കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനുള്ള വഴികള്‍ ആരായുകയും പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അതിനായി നടത്തിയ ശ്രമങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.

വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ഡോ. സഊദ് അല്‍ സാത്തി, അന്തർദേശീയകാര്യ അണ്ടർസെക്രട്ടറിയും പബ്ലിക് ഡിപ്ലോമാറ്റി അഫയേഴ്സ് ജനറല്‍ സൂപ്പർവൈസറുമായ ഡോ. അബ്ദുല്‍ റഹ്മാൻ അല്‍ റാസി എന്നിവർ സൗദി ഭാഗത്ത് നിന്ന് മന്ത്രി അമീർ ഫൈസല്‍ ബിൻ ഫർഹാനോടൊപ്പം ചർച്ചയില്‍ പങ്കെടുത്തു.

ഇന്ത്യൻ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറോടൊപ്പം മന്ത്രാലയ ഉദ്യോഗസ്ഥ പ്രതിനിധി സംഘവും റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാനും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബൂ മാത്തൻ ജോർജും സഹ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടിക്കാഴ്ചക്കിടയില്‍ അമീർ ഫൈസല്‍ ബിൻ ഫർഹാനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

റിയാദില്‍ നടക്കുന്നത് ജി.സി.സിയുടെ 161-ാമത് മന്ത്രിതലസമിതി യോഗമാണ്. അതില്‍ പങ്കെടുക്കുന്ന ഇതര ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഇന്ത്യ, റഷ്യ, ബ്രസീല്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

spot_img

Related Articles

Latest news