ഇടുക്കി: കേരളത്തിലെ ആദ്യ സീ പ്ലെയിൻ മാട്ടുപ്പെട്ടിയില്‍ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലെന്ന് വനംവകുപ്പ്.ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തുന്ന പക്ഷം മനുഷ്യ -മൃഗ സംഘർഷങ്ങള്‍ ഉണ്ടാകുമെന്നാണ് വനംവകുപ്പിൻ്റെ റിപ്പോർട്ടില്‍ പറയുന്നത്.ഈ റിപ്പോർട്ടില്‍ പരാമർശിക്കുന്നത് ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിന് സമീപത്ത് മറ്റൊരിടത്ത് വിമാനമിറക്കാമെന്നാണ്. പരിസ്ഥിതി പ്രവർത്തകർ ജലവിമാന സർവ്വീസിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
മാട്ടുപ്പെട്ടിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയെക്കുറിച്ച് തങ്ങള്‍ക്കുള്ള ആശങ്ക വനംവകുപ്പ് അക്കമിട്ട് നിരത്തിയത് ജലവിമാനത്തിൻ്റെ പരീക്ഷണ ലാൻഡിംഗ് സംബന്ധിച്ച് ജില്ലാ ഭരണകൂടം അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ്.
മാട്ടുപ്പെട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശം പാമ്പാടുംചോല, ആനമുടിച്ചോല എന്നീ ദേശീയോദ്യാനങ്ങളും, കുറിഞ്ഞിമല സങ്കേതവുമുള്‍പ്പെടുന്ന അതീവ പരിസ്ഥിതി ലോല മേഖലയാണ്. ഇവിടം കാട്ടാനകള്‍ സ്ഥിരമായി കടന്നുപോകുന്ന പ്രദേശം കൂടിയാണ്.