ഗോകര്‍ണത്തെ വനത്തില്‍ ഗുഹയില്‍ കഴിഞ്ഞ യുവതിയേയും കുഞ്ഞുങ്ങളെയും റഷ്യയിലേക്ക് തിരിച്ചയക്കും; കുട്ടികളുടെ പിതാവിനെ വെളിപ്പെടുത്താതെ നിന; പ്രകൃതിയില്‍ നിന്നും തന്നെ അകറ്റരുതെന്നും അഭ്യര്‍ത്ഥന

 

ബംഗളൂരു: കർണാടകയിലെ ഗോകർണത്തെ വനമേഖലയില്‍ ഗുഹയില്‍ കണ്ടെത്തിയ റഷ്യൻ യുവതിയേയും രണ്ടു മക്കളെയും റഷ്യയിലേക്ക് തിരിച്ചയക്കും.യുവതിയുടെ രണ്ട് പെണ്‍കുട്ടികളും ജനിച്ചത് ഇന്ത്യയിലെത്തിയതിന് ശേഷമാണ്. എന്നാല്‍, ഇവരുടെ പിതാവിനെ കുറിച്ച്‌ വെളിപ്പെടുത്താൻ യുവതി ഇനിയും തയ്യാറായിട്ടില്ല. കുട്ടികളുടെ പ്രസവം എവിടെയായിരുന്നെന്നോ ഈ സമയത്ത് ആരോഗ്യപ്രവർത്തകരുടെ സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, റഷ്യിലേക്ക് മടങ്ങിപ്പോകാൻ താത്പര്യമില്ലെന്ന നിലപാടിലാണ് യുവതി.

നിന കുട്ടിനയെയും(40) ആറും നാലും വയസ്സുള്ള രണ്ടു പെണ്‍മക്കളെയും കഴിഞ്ഞ ദിവസമാണ് ഗോകർണത്തെ വനമേഖലയിലുള്ള ഗുഹയില്‍ നിന്നും കണ്ടെത്തിയത്. 2016ല്‍ ഇന്ത്യയിലെത്തിയ യുവതി മോഹി എന്ന പേരാണ് സ്വീകരിച്ചത്. പിന്നീട് ഇവർ റഷ്യയിലേക്ക് മടങ്ങിപ്പോകുകയോ വീസ പുതുക്കുകയോ ചെയ്തിരുന്നില്ല. 2017ലാണ് യുവതിയുടെ വീസ കാലാവധി കഴിഞ്ഞത്. കുട്ടികള്‍ക്ക് വീസ എടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടു മാസമായി മൂന്നുപേരും ഈ ഗുഹയിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

വനത്തില്‍ ധ്യാനം നടത്താനും ദൈവങ്ങള്‍ക്കു പൂജ ചെയ്യാനും വളരെയേറെ ഇഷ്ടപ്പെടുന്നയാളാണ് നിനയെന്ന് ഗോകർണ പൊലീസ് സബ് ഇൻസ്പെക്ടർ എസ്.ആർ. ശ്രീധർ പറഞ്ഞു. ”2016ല്‍ ബിസിനസ് വീസയിലാണ് ഇവർ ഇന്ത്യയില്‍ വന്നത്. ഗോവയിലെയും ഗോകർണത്തെയും വിനോദസഞ്ചാര, റസ്റ്ററന്റ് മേഖലകളിലാണ് ഇവർ ആദ്യം എത്തിയത്. പിന്നീട് 2017ല്‍ വീസ കാലാവധി അവസാനിച്ചപ്പോള്‍ ഇന്ത്യയില്‍ത്തന്നെ തങ്ങാനാണ് ശ്രമിച്ചത്. 2018ല്‍ എക്സിറ്റ് പെർമിറ്റ് ലഭിച്ചെങ്കിലും നേപ്പാളിലേക്ക് പോയ അവർ തിരിച്ച്‌ ഇന്ത്യയിലെത്തി. പിന്നീട് കർണാടകത്തിലെ വനമേഖലകളിലേക്കു അപ്രത്യക്ഷയായി. തിരിച്ചറിയപ്പെടുമെന്ന തോന്നലിലാണ് ഹോട്ടലുകളിലെ താമസം ഒഴിവാക്കി വനത്തിലെ താമസം തിരഞ്ഞെടുത്തത്” – ശ്രീധർ ദേശീയമാധ്യമത്തോടു പറഞ്ഞു.

നിന ഇന്ത്യയില്‍ എത്തിയശേഷമാണ് പെണ്‍കുട്ടികള്‍ രണ്ടുപേരും ജനിച്ചത്. ആരാണ് കുട്ടികളുടെ പിതാവ് എന്ന് വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ല. കുട്ടികളുടെ ജനന സമയത്ത് ഏതെങ്കിലും തരത്തില്‍ ആരോഗ്യ പരിചരണം അവർക്കു ലഭിച്ചിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. രാമതീർഥ കുന്നുകളില്‍ നടത്തിയ പതിവു പരിശോധനകള്‍ക്കിടെയാണ് ഇവരെ പൊലീസ് സംഘം കണ്ടെത്തിയത്. ഒരു ഗുഹയിലേക്കു നീണ്ടുകിടക്കുന്ന മനുഷ്യരുടെ കാല്‍പാദങ്ങള്‍ കണ്ടതോടെ ഇവിടെ മനുഷ്യവാസമുണ്ടെന്നു തിരിച്ചറിയുകയായിരുന്നു. ഗുഹയുടെ വാതിലില്‍ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു കെട്ടിയിട്ടുണ്ട്. ദൈവങ്ങളുടെ ഫോട്ടോകളും പുറത്തു കണ്ടിരുന്നു. ഗുഹയ്ക്ക് അകത്ത് റഷ്യൻ ഭാഷയിലെ ചില പുസ്തകങ്ങളും കണ്ടു. അകത്തു കയറിയപ്പോള്‍ ഒരു കുട്ടി കളിക്കുന്നതാണ് കണ്ടത്. നിനയും മറ്റൊരു കുട്ടിയും ഉറങ്ങുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സ്ഥലമാണെന്നു ബോധ്യപ്പെടുത്തിയാണ് ഇവരെ പുറത്തുകൊണ്ടുവന്നത്. പാമ്പുകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയപ്പോള്‍ പാമ്പുകള്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്നും അങ്ങോട്ട് ആക്രമിച്ചാലല്ലാതെ അവ ആരെയും ഉപദ്രവിക്കില്ലെന്നുമായിരുന്നു മറുപടി. ”കുളിക്കാനും മറ്റും അടുത്തുള്ള വെള്ളച്ചാട്ടത്തിലേക്കുപോകുമ്പോള്‍ പാമ്പുകള്‍ ഞങ്ങള്‍ക്കു ചുറ്റിലും നടക്കാറുണ്ട്. സമാധാനപരമായാണ് അവയുടെ സഞ്ചാരം. ഞങ്ങള്‍ക്കുനേരെ ഒരു പ്രകോപനവും ഉണ്ടാക്കാറില്ല” – നിനയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു.

”മഴക്കാലത്ത് വളരെക്കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രമാണ് ഇവർ ധരിച്ചിരുന്നത്. എന്നാല്‍ ജീവിച്ചുപോകാൻ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ നിന ശേഖരിച്ചുവച്ചിരുന്നു. മെഴുകുതിരികളുള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും കൃത്രിമ വെളിച്ചത്തിനു പകരം സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനാണ് അവർ പ്രാധാന്യം നല്‍കിയിരുന്നത്. അമ്മയും കുട്ടികളും കാഴ്ചയില്‍ നല്ല ആരോഗ്യമുള്ളവരാണ്. മൂന്നുപേരെയും ശനിയാഴ്ച രാത്രി അടുത്തുള്ള ആശ്രമത്തിലാണ് താമസിപ്പിച്ചത്. വൈദ്യുതി വിളക്കുകളും കിടക്കകളും പോലുള്ളവ കണ്ടപ്പോള്‍ കുട്ടികള്‍ക്കു വലിയ ആവേശമായിരുന്നു. അവരത് മുൻപ് കണ്ടിട്ടില്ലാത്തതുപോലെയാണു തോന്നിയത്.

റഷ്യയിലേക്കു തിരിച്ചയയ്ക്കുമെന്ന തീരുമാനത്തില്‍ തീവ്രദുഃഖമുണ്ടെന്നും അവർ വാട്സാപ്പിലൂടെ അറിയിച്ചു. പ്രകൃതിയെയും തന്നെയും തമ്മില്‍ അകറ്റിയതിനു കാരണക്കാർ പൊലീസാണെന്നാണ് അവരുടെ നിലപാട്. കുട്ടികളെ വളരെ നല്ല രീതിയിലാണ് നിന വളർത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ കുട്ടികള്‍ സന്തോഷത്തോടെ പോസ് ചെയ്തു നില്‍ക്കുന്ന നിരവധി ഫോട്ടോകളുണ്ട്. ചിത്രംവരയ്ക്കല്‍, പാട്ടുപാടല്‍, മന്ത്രങ്ങള്‍ ചൊല്ലല്‍, യോഗ, മറ്റു വ്യായാമങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി നിന ക്രമീകരിച്ചിരുന്നു. ഇന്ന്, ഞായറാഴ്ച രാവിലെയും കുട്ടികളെ അവർ യോഗ പഠിപ്പിക്കുകയായിരുന്നു” – ശ്രീധർ പറഞ്ഞു.

spot_img

Related Articles

Latest news