ചെന്നൈ:തമിഴ് നടിയെ ബലാത്സംഗം ചെയ്ത കേസില്‍ എ.ഐ.എ.ഡി.എം.കെ മുന്‍ മന്ത്രി എം. മണികണ്ഠന് അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മണികണ്ഠനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മദ്രാസ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് മുന്‍ മന്ത്രിയുടെ അറസ്റ്റ്
ഗുരുതര കുറ്റകൃത്യമാണ് മണികണ്ഠേന്റതെന്നും പദവി ഉപയോഗിച്ച് കേസ് തേച്ചുമാച്ചുകളയുമെന്നും നിരീക്ഷിച്ചതിന് ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.
മലേഷ്യന്‍ പൗരത്വം നേടിയ നടിയും മുന്‍ മന്ത്രിയും തമ്മില്‍ അഞ്ചുവര്‍ഷത്തോളം പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് കേസ്.
കൂടാതെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 44കാരനായ മണികണ്ഠനെതിരെ വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
2017ലാണ് നടിയുമായി പരിചയത്തിലാകുന്നത്. നടി മലേഷ്യന്‍ ടൂറിസം ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുകയും ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു മുന്‍ മന്ത്രി നല്‍കിയ വാഗ്ദാനം. യുവതിയെ മൂന്നുതവണ ഗര്‍ഭം അലസിപ്പിക്കലിന് വിധേയമാക്കി. പിന്നീട്, ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം മണികണ്ഠന് നിഷേധിച്ചു. മറ്റു ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നുവെന്നാണ് മണികണ്ഠന്റെ വാദം.