ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. ഇംറാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിലേക്ക് അക്രമി വെടിവെക്കുകയായിരുന്നു.
ഇംറാന് കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന നാലു മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പരിക്കേറ്റു. അക്രമി അറസ്റ്റിലായിട്ടുണ്ട്.വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാര്‍ച്ച് ഗുജറന്‍വാല ഡിവിഷനിലെ വസീറാബാദ് സിറ്റിയില്‍ സഫര്‍ അലി ഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളില്‍ കയറി മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാന്‍. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തുന്നത്. ‘ഹഖീഖി ആസാദി മാര്‍ച്ച്’ എന്ന പേരില്‍ ലാഹോറിലെ ലിബര്‍ട്ടി ചൗകില്‍നിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാര്‍ച്ച്.
നാളെ സമാപിക്കുന്ന മാര്‍ച്ചിന് വന്‍ സമാപന പൊതുസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇംറാന്‍ ഖാനെ അനുഗമിക്കുന്നത്.