മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ: മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വർഷങ്ങളില്‍ സിംഗ് രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു, 2024-ന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന് സുഖമില്ലായിരുന്നു. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്തത് .

1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലാണ് മൻമോഹൻ സിംഗ് ജനിച്ചത്. 1948-ല്‍ പഞ്ചാബ് സർവകലാശാലയില്‍ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പൂർത്തിയാക്കി. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയില്‍ നിന്ന് 1957-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസോടെ ബിരുദം നേടി. പിന്നീട് 1962-ല്‍ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ നഫ്‌ഫീല്‍ഡ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ ഓണേഴ്‌സ് നേടി.

അദ്ധ്യാപകനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972 മുതല്‍ 1976 വരെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ധനകാര്യ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 1982-85 കാലയളവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയെന്നാണ് മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നരസിംഹറാവു മന്ത്രിസഭയിലെ ധനമന്ത്രി തുടങ്ങിയ പദവികളും ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ചിരുന്നു.ഇന്ത്യയുടെ സാമ്പത്തിക സ്വതന്ത്രവല്‍ക്കരണത്തിന് തുടക്കംകുറിച്ച്‌, രാജ്യത്തെ ആഗോള വിപണിയിലേക്ക് തുറന്നുകൊടുക്കുന്ന ദിശയില്‍ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
സമീപകാലങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും.ഭാര്യ: ഗുർശരണ്‍ കൗർ. മക്കള്‍: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.

spot_img

Related Articles

Latest news