മുക്കം: ചേന്നമംഗലൂർ ഗവൺമെൻറ് യുപി സ്കൂളിന് സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള നിയമസഭ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ നിർവഹിച്ചു.എംഎൽഎ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ഹൃസ്വചിത്രം” മഅൻ മഅ “സ്പീക്കർ പ്രകാശനം ചെയ്തു. മത്സരാധിഷ്ഠിതമായ പുതിയ കാലത്ത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനും ഗണിതശാസ്ത്ര പഠനത്തിനും സ്കൂൾ പി.ടി.എ കളും പ്രത്യേക ഊന്നൽ നൽകിയാൽ പൊതു വിദ്യാലയങ്ങൾ കൂടുതൽ ആകർഷകമാകുമെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നതിനാൽ മൂന്ന് കോടി 90 ലക്ഷത്തിന് നിർമ്മിക്കുന്ന പുതിയ കെട്ടിടം ഒരുവർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് നാടിനു സമ്മാനിക്കുമെന്ന് സ്പീക്കർ വാഗ്ദാനം ചെയ്തു. പ്രദേശവാസികളും രക്ഷിതാക്കളും പിടിഎയും കൈകോർത്താൽ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കാൻ കഴിയുമെന്നതിൻറെ മികച്ച മാതൃകയാണ് ചേന്നമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ എന്ന് സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് ലഹരി മാഫിയ കലാലയങ്ങളെ പിടിമുറുക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൂല്യബോധവും ലക്ഷ്യബോധവും പകർന്നു നൽകി മികച്ച പൗരന്മാരെ സൃഷ്ടിക്കാനുള്ള പ്രയത്നത്തിൽ അധ്യാപകർ അതീവ ജാഗ്രത പാലിക്കണമെന്ന് സ്പീക്കർ ആഹ്വാനം ചെയ്തു.
ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് , വിജയികൾക്കും വിവിധ മത്സരങ്ങളിലെ ജേതാക്കൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രഥമാധ്യാപകൻ കെ വാസു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പിടിഎ പ്രസിഡണ്ട് ഒ.സുബീഷ് സ്പീക്കർക്ക് സ്കൂളിന്റെ ഉപഹാരം സമ്മാനിച്ചു.മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു,വൈസ് ചെയർപേഴ്സൺ അഡ്വക്കറ്റ് കെപി ചാന്ദിനി,നഗരസഭ കൗൺസിലർമാരായ ഇ. സത്യനാരായണൻ, എ. അബ്ദുൽ ഗഫൂർ, ഫാത്തിമ കൊടപ്പന , സാറാകൂടാരം , റംല ഗഫൂർ , എം ടി വേണുഗോപാലൻ, മുക്കം എ ഇ .ഒ വി ദീപ്തി , കു ന്ദമംഗലം ബി.പി.സിപി കെ മനോജ് കുമാർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ ടി ശ്രീധരൻ , കെ മോഹനൻ ആലി ചേന്ദമംഗലൂർ , കെ പി അഹമ്മദ് കുട്ടി , ടി കെ സ്വാമി , ടാർസൻ ജോസഫ് , സലാം പൈറ്റൂളി, എസ്എംസി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ എം പി ടി എ ചെയർപേഴ്സൺ ഷബ്നാ ജാസ്മിൻ,സ്റ്റാഫ് സെക്രട്ടറി ത്രിവേണി ടീച്ചർ സ്കൂൾ ലീഡർ ജസാ ജുമാൻ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി.ടി ബാബു സ്വാഗതവും സാജിദ് പുതിയോട്ടിൽ നന്ദിയും പറഞ്ഞു.