പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ബോംബാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥിനിലെ ഹർണായ് ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.
സഫർ ബാശ് പ്രദേശത്ത് സൈനിക സംഘം പട്രോളിങ് നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ ഐ.ഇ.ഡി ആക്രമണം നടത്തുകയായിരുന്നു.
ഹുസൈൻ റെഹ്മത്ത്, മുഹമ്മദ് സലീം, മജീദ് ഫരീദ്, സക്കീർ എന്നീ സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക് നിരോധിത സേനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബലൂചിസ്ഥാനിലെ അവാരൻ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ച സമാന രീതിയിലുള്ള ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.