കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തിക്കോടി കല്ലകത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ 5 പേരാണ് ഇന്നലെ തിരയില്‍പ്പെട്ടത്. വൈകീട്ട് 4 ഓടെയായിരുന്നു അപകടം. കല്‍പ്പറ്റയിലെ ജിമ്മില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ 25 അംഗ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വാണി , ബിനീഷ്, ഫൈസല്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട കല്‍പ്പറ്റ സ്വദേശി ജിൻസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടോയപ്പോള്‍ രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്തയാളാണ് മരിച്ച ബിനീഷ്.അപകടത്തിന് പിന്നാലെ കൊയിലാണ്ടിയില്‍ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയാണ് തിരയില്‍ പെട്ടവരെ കരയ്ക്കെത്തിച്ചത്. അവധി ദിവസമായതിനാല്‍ ബീച്ചില്‍ വലിയ തിരക്കുണ്ടായിരുന്നു.മുന്നറീയിപ്പുകൾ അവഗണിച്ച് കടലിൽ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.