ദോഹ- ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് വരവറിയിച്ചു. നിലവിലുള്ള ചാംപ്യൻമാരായ ഫ്രാൻസ് ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് നാലു ഗോളുകൾ തിരിച്ചടിച്ചത്. ഒൻപതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ് വിനിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ഓസ്ട്രേലിയയുടെ പതനം. അഡ്രിയാൻ റാബിയറ്റ്, കിലിയൻ എംബപ്പെ, ഒലിവർ ജിറൗദ്(ഇരട്ട ഗോൾ) എന്നിവയാണ് ഫ്രാൻസിന്റെ വിജയം നിശ്ചയിച്ചത്. രണ്ടു ഗോൾ നേടിയതോടെ ഫ്രാൻസിനായി കൂടുതൽ ഗോൾ സ്വന്തമാക്കിയെന്ന റെക്കോർഡ് ജിറൗദിന്റെയും പേരിലായി. 51 ഗോൾ നേടിയ തിയറി ഹെന്റിക്കൊപ്പം ജിറൗദും എത്തി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫ്രാൻസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാമത്തെയും അഞ്ചാമത്തെയും മിനിറ്റിൽ ഫ്രാൻസ് മുന്നേറ്റ നിര ഓസ്ട്രേലിയയുടെ ഗോൾമുഖത്ത് എത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയുടെ ഗതിക്ക് വിപരീതമായി ഒൻപതാം മിനിറ്റിൽ ഓസ്ട്രേലിയ ഗോൾ സ്വന്തമാക്കി. ഗോൾ വീണതോടെ ഫ്രാൻസ് ഉഗ്രരൂപം പുറത്തെടുത്തു. ഇതിന് 27-ാം മിനിറ്റിൽ ഫലമുണ്ടായി.