മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്കുന്നയാള് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. മൂവാറ്റുപുഴ കീച്ചേരി പടിയിലുള്ള വണ്‍ സ്റ്റോപ്പ് ഷോപ്പ് ട്രാവല്‍ ഏജന്‍സി ഉടമയായ പശ്ചിമബംഗാള്‍ സ്വദേശി സഞ്ജിത്ത് മണ്ടാലിനെയാണ് മൂവാറ്റുപുഴ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രാ രേഖകള്‍ക്കൊപ്പം വ്യാജ രേഖകളും ഇവിടെ തയ്യാറാക്കി നല്‍കിയിരുന്നതായി പൊലിസ് വ്യക്തമാക്കി.ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലാണ് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും നിരവധി രേഖകളും ഹാര്‍ഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂവാറ്റുപുഴയിലെയും കോട്ടയത്തെയും കോവിഡ് പരിശോധന സൗകര്യമുള്ള സ്വകാര്യ ആശുപത്രികളുടെയും, ടെസ്റ്റിങ് ലാബുകളുടെയും പേരില്‍ ആര്.റ്റി.പി.സി.ആര് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടുന്ന് നിര്‍മ്മിച്ച് നല്‍കിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നൽകുന്നതായുള്ള സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്.