മലപ്പുറത്തും സഹകരണ സംഘം തട്ടിപ്പ്

മലപ്പുറത്തെ പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ എട്ട് കോടിയുടെ തട്ടിപ്പ്. രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്നു വര്‍ഷം മുമ്പ് നൂറുകണക്കിനാളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തത്. ജീവനക്കാരാണ് പണം തട്ടിയതെന്ന് സിപിഎം നിയന്ത്രണത്തിലുള്ള  ഭരണസമിതിയും ആറ് കോടി ഭരണസമിതിയുടെ കൊള്ളയാണെന്ന് ജീവനക്കാരും പറയുന്നു.

ഇതിനിടെ 8 കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നോട്ടീസ് നൽകി.

സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച് നിക്ഷേപകരറിയാതെ പണം പിൻവലിച്ചായിരുന്നു തട്ടിപ്പ്. പണയം വച്ച സ്വര്‍ണാഭരങ്ങള്‍ വായ്പ വച്ചവരറിയാതെ എടുത്തുകൊണ്ടുപോയി സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ വലിയ തുകക്ക് പണയം വച്ചും പണം തട്ടി.

പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ജീവനക്കാര്‍ സസ്പെൻഷനിലാണ്. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്.

രണ്ട് കോടിയുടെ തിരമറി നടത്തിയെന്ന് സമ്മതിച്ച സൊസൈറ്റിയിലെ ജീവനക്കാരൻ ഇതിന്‍റെ മറവില്‍ ബാക്കി ആറ് കോടിയുടെ കൊള്ള നടത്തിയത് ഭരണസമിതി അംഗങ്ങളാണെന്നും ആരോപിച്ചു. തര്‍ക്കവും പരാതിയും കേസുമൊക്കെ നീണ്ടു പോകുമ്പോള്‍ പാവം നിക്ഷേപകരാണ് വഴിയാധാരമായത്.

പറപ്പൂര്‍ കവലയില്‍ ചായക്കട നടത്തിയായിരുന്നു ചവിടിക്കോടൻ ഹംസയുടെ ഉപജീവനം. അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കാൻ കഴിയുന്നില്ല. അടിയന്തിരമായി ശസ്ത്ര ക്രിയ ചെയ്യണം. അതിന് രണ്ടര ലക്ഷത്തോളം രൂപ വേണം. കയ്യില്‍ ഒറ്റ രൂപയില്ല. പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ രണ്ട് ലക്ഷത്തോളം രൂപ നിക്ഷേപമുണ്ട്. അത് നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഭിന്നശേഷിക്കാരനായ അലവിക്കുട്ടിക്ക് നഷ്ടപെട്ടത് രണ്ട് ലക്ഷം രൂപയാണ്. പെട്ടിക്കട കച്ചവടക്കാരനായ അഹമ്മദ് കുട്ടിക്ക് പോയത് ഒന്നര ലക്ഷം രൂപ. ഇത്തരത്തില്‍ നിരവധി പേര്‍ക്കായി നഷ്ടമായത് എട്ട് കോടിയോളം രൂപയാണ്.

spot_img

Related Articles

Latest news