തിരുവനന്തപുരം: വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ നിശാ പാർട്ടിയിൽ അനധികൃതമായി മദ്യം വിൽപ്പന ചെയ്ത മൂന്ന് പേരെ പോലീസ് പിടികൂടി. ഫംഗി ഹൗസ് റിസോർട്ടിലായിരുന്നു സംഭവം. ചെറുന്നിയൂർ വടശ്ശേരിക്കോണം സ്വദേശി റോഷിൻ (31), ചെമ്മരുതി തച്ചോട് പൈപ്പിൻ മുട് സ്വദേശി ഗൗതം (25), കൊല്ലം കിളിക്കൊല്ലൂർ ഉളിയക്കോവിൽ സ്വദേശി സുമൻ (30) എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട റിസോർട്ട് നടത്തിപ്പുകാരും സംഘാടകരും അടക്കം നാല് പേർക്കെതിരെ പോലീസ് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.
തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചിനിലാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന “ഫംഗി ഹൗസ്” റിസോർട്ട് അധികൃതരാണ് “ഫ്രീഡം നൈറ്റ്” എന്ന പേരിൽ നിശാ പാർട്ടി സംഘടിപ്പിച്ചത്. ഇന്‍റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് എൻട്രി ഫീസ് വാങ്ങി സ്ത്രീകളടക്കമുളളവരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. നിശാ പാർട്ടിയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വിൽപ്പന ചെയ്തിരുന്നു.
അനധികൃതമായിസൂക്ഷിച്ചിരുന്ന വിദേശമദ്യവും വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബാർ ഉപകരണങ്ങളും ഡിജെ പാർട്ടിക്ക് ഉപയോഗിച്ചിരുന്ന ആംപ്ലിഫയറുകളും ബോക്സുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നിരോധിത ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഉടമകളിൽ നിന്നും റിസോർട്ട് നടത്തിപ്പിനായി കെട്ടിടങ്ങൾ വാടകയ്ക്കെടുത്തശേഷം യാതൊരുവിധ നിയമാനുസൃത നടപടികൾ പാലിക്കാതെയും മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയും ടൂറിസ്റ്റ് രജിസ്റ്ററുകൾ സൂക്ഷിക്കാതെയുമാണ് പല റിസോർട്ടുകളും അനധികൃതമായി പ്രവർത്തിച്ച് വരുന്നത്. അടുത്ത കാലത്തായി തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ചെറുപ്പക്കാർ കൂട്ടമായി എത്തുന്നുണ്ടെങ്കിലും അവരുടെ വിവരങ്ങൾ ശരിയായി രേഖപ്പെടുത്തി
സൂക്ഷിക്കാതെയും സിസിടിവികൾ സ്ഥാപിക്കാതെയുമാണ് പല റിസോർട്ടുകളും പ്രവർത്തിക്കുന്നത്.
വർക്കല ഡിവൈഎസ്പി പി നിയാസിനു കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ എസ് സനോജിന്‍റെ നിർദ്ദേശാനുസരണം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച റിസോർട്ടിൽ നിന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുമെന്നും ലഹരി വ്യാപനം കർശനമായി തടയാൻ മുഴുവൻ റിസോർട്ട് നടത്തിപ്പുക്കാരുടെയും
ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസർ സനോജ് അറിയിച്ചു. പരിശോധനയിൽ സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസ്സിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ഷാനവാസ്, അസ്സിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ, ഷിജു, സുരജ, ജിഹാനിൽ, പ്രശാന്തകുമരൻ, ശ്രീജിത്ത്, ജസീൻ, ആഷംസ്, വിഷ്ണു, അഖിൽ, അനൂപ് എന്നിവർ പങ്കെടുത്തു.