ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ്-22ന്റെ ഭാഗമായി ദമ്മാം കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ സെപ്തംബർ 30ന് ആരംഭിക്കും. ‘സൗഹൃദം ആഘോഷിക്കൂ’ എന്ന സന്ദേശത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ വിജയത്തിനായി 30 അംഗ പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നൽകി. തിരക്ക് പിടിച്ച ജീവിത യാത്രക്കിടയിൽ ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വേണ്ടത്ര പരിഗണന നൽകാൻ കഴിയാതെയാണ് പ്രവാസികൾ പലരും കഴിഞ്ഞ് പോകുന്നത്. മനസ്സ് തുറക്കാനോ, പ്രയാസങ്ങൾ പങ്ക് വയ്ക്കാനോ പലപ്പോഴും നല്ലൊരു സുഹൃത്ത് ഇല്ലാതെ പോകുന്നത് പലരിലും മാനസിക സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കാരണമാകുന്നു.
കോവിഡ് കാല ജീവിത യാഥാർഥ്യങ്ങൾ ബന്ധങ്ങൾ കാത്തു സൂക്ഷിക്കേണ്ടത്തിന്റെ വലിയ അനുഭവങ്ങൾ കൂടിയാണ് നമ്മുക്ക് പകർന്നു തന്നത്. സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനുതകുന്ന വിവിധ പരിപാടികളുമായാണ് “സൗഹൃദം ആഘോഷിക്കൂ” എന്ന സന്ദേശത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം
ഫ്രറ്റേണിറ്റി ഫെസ്റ്റ്’22 സംഘടിപ്പിക്കുന്നത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും പങ്കെടുക്കാനുതകുന്ന തരത്തിൽ കലാകായിക മത്സരങ്ങൾ, വിവിധ ഫുഡ്‌ഫെസ്റ്റുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഫോറത്തിന്റെ ദമ്മാമിലെ വിവിധ ഘടകങ്ങൾക്ക് കീഴിൽ അരങ്ങേറും.
സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ്-22 ഒക്ടോബർ 28 നു കിഴക്കൻ പ്രവിശ്യയിലെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
ഒന്നര പതിറ്റാണ്ടിലധികമായി പ്രവാസികൾക്ക് വേണ്ടി സാംസ്കാരിക, സാമൂഹ്യ, ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളിൽ ഇടപെടുന്ന ഫ്രറ്റേണിറ്റി ഫോറം പ്രവാസികൾ നേരിട്ട നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ അവർക്ക് താങ്ങും തണലുമായി നിന്നിട്ടുണ്ട്.
ഈ ആഘോഷവേളകൾ, ബോധപൂർവ്വമല്ലെങ്കിലും പ്രവാസികളുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഹൃദാന്തരീക്ഷങ്ങളെ കൂട്ടിച്ചേർക്കാനുള്ള അവസരമായി എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് പ്രോഗ്രാം കൺവീനർ സുബൈർ നാറാത്ത്, ജോ:കൺവീനർ സുനീർചെറുവാടി എന്നിവർ പത്ര കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
അഹ്മദ് യൂസുഫ്
മീഡിയ&പബ്ലിസിറ്റി
0544302573