ഇന്ധന നികുതി ആറു വർഷത്തിനിടെ വർധിപ്പിച്ചിട്ടില്ല; കുറയ്ക്കാനില്ല: ധനമന്ത്രി

ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പിണറായി സർക്കാർ ഭരണകാലത്ത് നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരുതവണ നികുതി കുറച്ചു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വർധിപ്പിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വർധിപ്പിച്ചത് മുഴുവൻ കുറച്ചാൽ നികുതി ആനുപാതികമായി കുറയും.

കേന്ദ്ര സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതാണ് തിരിച്ചടിയായത്. 2011-12ൽ 3138 കോടി രൂപയായിരുന്നു അന്ന് ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015-16 ആയപ്പോൾ അത് 6100 കോടിയായി വർധിച്ചു. അത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. 94 ശതമാനം വർധന ഉണ്ടായി.

ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് 2016-17 കാലഘട്ടത്തിൽ 6876 കോടി ഉണ്ടായിരുന്നത് 19-20 ആയപ്പോൾ 7907 കോടിയേ ആയുള്ളൂ. 15 ശതമാനമായിരുന്നു വർധന.

യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചിരുന്നു. അസമിൽ കൊവിഡ് സെസ് എന്ന പ്രത്യേക സെസ് ഏർപ്പെടുത്തി. രാജസ്ഥാനിലും പ്രത്യേക സെസ് ഏർപ്പെടുത്തി.

കേരളം കൊവിഡിനായി സെസ് ഏർപ്പെടുത്തിയില്ല. സംസ്ഥാനത്ത് കൊവിഡിനിടെ ചെലവ് വർധിക്കുകയും വരവ് കുറയുകയും ചെയ്തു എന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news