ബീഹാറിലെ ചമ്പാരനില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ചതിന് സമീപത്ത് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ചര്‍ക്ക പാര്‍ക്കില്‍ ഉയര്‍ന്നുനിന്നിരുന്ന പ്രതിമ തകര്‍ന്ന് താഴെ വീണ നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലവിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഊ പശ്ചാത്തലത്തിലാകാം അക്രമികള്‍ ഗാന്ധി പ്രതിമയും തകര്‍ത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സി ആര്‍ എസിന് കീഴിലുള്ള പവര്‍ഗ്രിഡ് കോര്‍പറേഷനാണ് പ്രദേശത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമ ഔപചാരികമായി ഭരണകൂടത്തിന് കൈമാറാത്ത പശ്ചാത്തലത്തില്‍ പ്രതിമയ്ക്ക് ആവശ്യത്തിന് സുരക്ഷ ഒരുക്കുന്നതില്‍ കോര്‍പറേഷന് വീഴ്ച സംഭവിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വലതുപക്ഷ ഗ്രൂപ്പുകളാകാം അക്രമത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയില്‍ ചില പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്നും കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തകര്‍ന്നുകിടക്കുന്ന ഗാന്ധി പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചിലര്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നുണ്ട്.
ഗാന്ധി പ്രതിമ തകര്‍ത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആശിഷ് വ്യക്തമാക്കി.