എട്ടു വർഷം നീണ്ട യമൻ യുദ്ധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മക്കു കീഴിൽ പുതിയ നീക്കം. ഈ മാസം 29ന് ഹൂത്തി വിഭാഗങ്ങളുമായി സൗദി തലസ്ഥാനമായ റിയാദിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ജിസിസി നേതൃത്വം അറിയിച്ചു. ഹൂത്തികളുടെ പ്രതികരണം അനുകൂലമായാൽ അടിയന്തര വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.
പശ്ചിമേഷ്യയിൽ വൻ ദുരന്തം വിതച്ച യമൻ യുദ്ധത്തിന് അറുതി വരുത്താനുള്ള യുഎൻ നീക്കത്തിന് കരുത്തു പകരുന്നതാണ് ജിസിസി നേതൃത്വം മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശം. ഇറാൻ അനുകൂല ഹൂത്തി വിഭാഗവും സൗദി പിന്തുണയുള്ള യമൻ വിഭാഗവും തമ്മിൽ റിയാദിൽ സമാധാന ചർച്ച നടന്നാൽ യുദ്ധവിരാമം യാഥാർത്ഥ്യമാകും എന്നാണ് ജിസിസിയുടെ പ്രതീക്ഷ.
മാർച്ച് 29 മുതൽ ഏപ്രിൽ ഏഴു വരെയുള്ള തീയതിയാണ് സമാധാന ചർച്ചക്കായി ജിസിസി മുന്നോട്ടു വെച്ചിരിക്കുന്നത്. ഹൂത്തി വിഭാഗം ചർച്ചയ്ക്ക് സന്നദ്ധമാണെങ്കിൽ അവരെ അതിഥികളായി പരിഗണിക്കുമെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ജിസിസി വ്യക്തമാക്കി.
സൗദിക്കു പുറമെ മറ്റേതെങ്കിലും രാജ്യത്ത് സമാധാന ചർച്ച വേണമെന്ന നിലപാടാണ് നേരത്തെ ഹൂത്തി വിഭാഗം കൈക്കൊണ്ടത്. 2014ൽ അബ്ദു റബ്ബ് മൻസൂർ ഹാദിയെ അട്ടിമറിച്ചാണ് ഹൂത്തി വിഭാഗം യമൻ തലസ്ഥാന നഗരിയായ സൻആ പിടിച്ചെടുത്തത്. തുടർന്നാണ് സൗദി സഖ്യസേനയും ഹൂത്തികളും തമ്മിലുള്ള യുദ്ധം ആരംഭിച്ചതും.