റിയാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും സ്ഥാനാർഥി ആരായാലും യു ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജീവ ഇടപെടൽ ഉണ്ടാകണമെന്നും ഒഐസിസി പ്രവർത്തകരോട് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.
ഹൃസ്വകാല സന്ദർശനാർഥം സൗദി അറേബ്യയിലെത്തിയ ആര്യാടൻ ഷൗത്തിന് ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. വികസന പ്രവർത്തനങ്ങളിൽ നിലമ്പൂർ ഏറെ മുന്നോട്ട് പോകാനുണ്ട് അതിന് യു ഡി എഫ് സ്ഥാനാർഥി ജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാട് രാസലഹരിയുടെ പിടിയിലാണ്, തടയാൻ സർക്കാരിന് കഴിയുന്നില്ല. ഒരു കാലത്ത് ഇന്ത്യ രാജ്യത്ത് ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം, എന്നാൽ ഇന്ന് മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റവും കൂടുതൽ റെജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി.
കുടിക്കാൻ വെള്ളമില്ലാത്ത സമയത്ത് ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കേണ്ടി വരുന്നതിന്റെ പേരിൽ ഒരു ബഹുരാഷ്ട്ര കമ്പനിയെ ആട്ടിയോടിച്ച പാലക്കാട് മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിത് അത് ഭരണനേട്ടമായി പറയുന്ന സർക്കാരിന് കാഴ്ചപ്പാടില്ലെന്നും രാസ ലഹരി പോലെ സർക്കാർ അഴിമതിയുടെ ലഹരിയുടെ അടിമകളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷനായ ചടങ്ങ് കെപിസിസി ജന:സെക്രട്ടറി പി എ സലിം ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര ആശംസ അറിയിച്ചു സംസാരിച്ചു.ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം,അബ്ദുള്ള വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വഹീദ് വാഴക്കാട് , ബഷീർ കോട്ടക്കൽ,അൻസാർ വാഴക്കാട്, ഉണികൃഷ്ണൻ, പ്രഭാകരൻ, ഭാസ്കരൻ, സൈനുദ്ധീൻ, ശിഹാബ് അരിപ്പൻ, മുത്തു പാണ്ടിക്കാട്,ബൈജു പാണ്ടികശാല, നജീബ് ആക്കോട്, ഫൈസൽ,ഷറഫ് ചിറ്റൻ, ഷൗക്കത്ത് ഷിഫാ ,ഷാജഹാൻ,ഷമീർ മാളിയേക്കൽ , ബനൂജ് പൂക്കോട്ടുംപാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മലപ്പുറം ജില്ല സംഘടന ചുമതലയുള്ള ജന: സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു.