സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നത് തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസമാണ് കുറവ് നേരിടുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയും ഒരു ഗ്രാമിന് 110 രൂപയുമാണ് കുറഞ്ഞത്.ഇതാടെ പവൻ്റെ വില 55,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 6935 രൂപയുമാണ് ഇന്നത്തെ വില.
വിലയില്‍ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കിയ ശേഷമാണ് വില തുടർച്ചയായി ഇടിയുന്നത്. പവന് 59,640 വരെ വില എത്തിയിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.
തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയും ഇന്നലെ 56,360 രൂപയുമായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. നവംബറിലെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ ഒന്നാം തീയ്യതിയാണ് രേഖപ്പെടുത്തിയത്.