പിടിവിട്ട് കുതിപ്പ്; ചരിത്രത്തിലാദ്യമായി 78,000 രൂപയും പിന്നിട്ട് സ്വര്‍ണവില.

സംസ്ഥാനത്ത് വൻ കുതിപ്പ് തുടരുന്ന സ്വർണവില ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് രൂപയുമാണ് ഇന്ന് ഉയർന്നത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 78,440 രൂപയിലും ഗ്രാമിന് 9,805 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 8,050 രൂപയിലെത്തി.

തിങ്കളാഴ്ച ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77,000 കടന്നത്. കുതിപ്പിന്‍റെ പാതയിലുള്ള സ്വർണവില ശനിയാഴ്ച ഒറ്റയടിക്ക് 1,200 രൂപ കുതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കത്തിക്കയറിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷം 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ ശേഷമാണ് സെപ്റ്റംബർ ഒന്നിന് വീണ്ടും റിക്കാർഡിട്ടത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്‌ വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.

ജൂണ്‍ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.

ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.

പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്കുപോകുന്നതാണ് കണ്ടത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔണ്‍സിന് 60 ഡോളറിലേറെ വർധിച്ച്‌ എക്കാലത്തെയും ഉയരമായ 3,545.33 ഡോളർ വരെ എത്തിയിരുന്നു. പിന്നീട്, നേട്ടം നിജപ്പെടുത്തി 3,536 ഡോളറിലേക്ക് താഴുകയാണുണ്ടായത്.

അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കൂടി. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിക്ക് രണ്ടുരൂപ ഉയർന്ന് 133 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

spot_img

Related Articles

Latest news