തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും വൻവർദ്ധനവ്. പവന് 840 രൂപ കൂടി 103,000 രൂപയും ഗ്രാമിന് 105 രൂപ കൂടി 12,875 രൂപയുമായി.ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 102,160 രൂപയും ഗ്രാമിന് 12,770 രൂപയുമായിരുന്നു. ജനുവരി അഞ്ചിനാണ് പവൻ വില ഒരു ലക്ഷം കടന്നത്. അന്ന് പവന് 100,760 രൂപയും ഗ്രാമിന് 12,595 രൂപയുമായിരുന്നു.
കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പവൻ വിലയില്‍ 2,240 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇത് സ്വർണവിപണിയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിന് ശേഷം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് പ്രിയമേറിയിരിക്കുകയാണ്. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും ഇതോടെ വൻതോതില്‍ സ്വർണം വാങ്ങികൂട്ടി. രാജ്യാന്തര വിപണിയില്‍ സ്വർണവില ഔണ്‍സിന് 100 ഡോളർ ഉയർന്ന് 4,430 ഡോളർ വരെ എത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ ഗ്രീൻലാൻഡ്, ക്യൂബ, മെക്‌സികോ, കൊളംബിയ എന്നീ രാജ്യങ്ങളെയും ആക്രമിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമാക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമായതാണ് ഇന്ത്യയില്‍ സ്വർണം, വെള്ളിവില വർദ്ധനയുടെ തോത് ഉയർത്തിയത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 268 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

