പാൻ്റിന് കട്ടി കൂടുതൽ, അഴിച്ചു പരിശോധിച്ചപ്പോൾ സ്വര്‍ണം; കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച യാത്രക്കാരൻ പോലീസിൻ്റെ പിടിയിൽ

മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ 10.15 നു കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീൻ തൻ്റെ കയ്യിൽ സ്വർണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീൻ്റെ കൈവശമുണ്ടായിരുന്ന ലഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇസ്സുദ്ദീൻ ധരിച്ചിരുന്ന പാൻ്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയിൽ പെട്ടപ്പോൾ പാൻ്റ്സ് അഴിച്ച് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ പാൻ്റ്സിന് ഭാരക്കൂടുതൽ അനുഭവപ്പെട്ടു. തുടർന്ന് പാൻ്റ്സ് കട്ട് ചെയ്ത് നോക്കിയപ്പോളാണ് പാൻ്റ്സ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികൾ ഉപയോഗിച്ചാണെന്നും ഉൾവശത്തായി സ്വർണമിശ്രിതം തേച്ചു പിടിപ്പിച്ചിരിക്കുകയാണെന്നും മനസിലായത്. പാൻ്റ്സിലും അടിവസ്ത്രത്തിലുമായി തേച്ചു പിടിപ്പിച്ച നിലയിലുള്ള സ്വർണമിശ്രിതത്തിന് ഒന്നരക്കിലോയിലധികം ഭാരമുണ്ട്. ഇസ്സുദ്ദീനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

spot_img

Related Articles

Latest news