ഒരു വിരല്‍ത്തുമ്ബിലൂടെയോ മൗസ് പോയിന്റിലൂടെയോ ലോകത്തെ കണ്‍മുമ്ബിലെത്തിച്ച സുന്ദര്‍ പിച്ചെയ്ക്ക് കഴിഞ്ഞ ദിവസമാണ് ഭാരതം പത്മഭൂഷണ്‍ സമ്മാനിച്ചത്.
സാന്‍ഫ്രാന്‍സിസ്കോയില്‍ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സുന്ദര്‍ പിച്ചെയ്ക്ക് ഇന്ത്യയുടെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചു. 2004ലാണ് പിച്ചൈ ഗൂഗിള്‍ ടൂള്‍ബാറിന്റെ പ്രൊഡക്റ്റ് മാനേജരായി ജോയിന്‍ ചെയ്തത്. 2015ല്‍ അദ്ദേഹം കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ, പത്മഭൂഷണ്‍ നിറവില്‍ ഗൂഗിള്‍ സിഇഒ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
സര്‍ക്കാരിനോടും ഭാരതീയരോടും അങ്ങേയറ്റം നന്ദി…
‘പത്മഭൂഷണ്‍ സ്വീകരിക്കാന്‍ എനിക്ക് ആതിഥ്യം നല്‍കിയതിന് അംബാസഡര്‍ സന്ധുവിനും കോണ്‍സല്‍ ജനറല്‍ പ്രസാദിനും ഞാന്‍ നന്ദി പറയുന്നു. ഈ മഹത്തായ ബഹുമതിക്ക് ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്,’ എന്ന് പിച്ചൈ പറഞ്ഞു. വ്യാപാര-വ്യവസായ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സുന്ദര്‍ പിച്ചൈക്ക് പത്മഭൂഷണ്‍ നല്‍കിയത്. ഇന്ത്യ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, താന്‍ എവിടെ പോയാലും ഇന്ത്യയെ ഒപ്പം കൊണ്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഡിജിറ്റല്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെയും അദ്ദേഹം പ്രശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ ദര്‍ശനത്തെ പ്രശംസിച്ചുകൊണ്ട് ഇന്ത്യയിലെ സാങ്കേതിക മാറ്റത്തിന്റെ ദ്രുതഗതിയിലുള്ള ഗതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘ഇതിലൂടെ എല്ലാവര്‍ക്കും വാങ്ങാനാവുന്ന ഇന്റര്‍നെറ്റ് ആക്‌സസ് പ്രാപ്തമാക്കാന്‍ സാധിക്കുന്നു. ഭാരതത്തിന് തങ്ങളുടെ തനതായ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും, ഏത് തരത്തിലുള്ള ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹായകരമാകും.’
ഗൂഗിളും ഇന്ത്യയും
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ കോണിലുള്ള ആളുകളിലേക്കും എത്തിക്കുന്നതിന് ഗൂഗിളും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വിശദമാക്കി. ഭാഷ വിനിമയ തടസ്സമാകാതിരിക്കാന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് (Google Translate) പോലുള്ളവയും, ചെറുകിട ബിസിനസുകളെ പോലും ബന്ധിപ്പിക്കുന്ന (Google Maps)ഉം എത്രമാത്രം നിര്‍ണായകമാണെന്നതും പിച്ചെ തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.